News

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ആമസോണും; 100 ഐസിയു വെന്റിലേറ്ററുകള്‍ നല്‍കും

ബെംഗളൂരു: കൊവിഡ് രൂക്ഷമായ ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം ഗൂഗിളും മൈക്രോസോഫ്റ്റും സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആഗോള ഭീമന്‍ ആമസോണും ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിന് സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. 100 ഐസിയു വെന്റിലേറ്ററുകള്‍ ഇന്ത്യയ്ക്ക് സഹായമായി ആമസോണ്‍ നല്‍കും. അടുത്ത രണ്ടാഴ്ചയ്ക്കിടെ വെന്റിലേറ്ററുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നും ആമസോണ്‍ വ്യക്തമാക്കി.
 
കൊവിഡ് ചികിത്സയ്ക്ക് സഹായകമാകുന്ന തരത്തിലുളള വെന്റിലേറ്ററുകളാണ് എന്നുറപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര ആരോഗ്യവകുപ്പുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തിയതായി ആമസോണ്‍ അധികൃതര്‍ അറിയിച്ചു. 100 യൂണിറ്റ് മെഡ്ട്രോണിക്സ് പിബി 980 മോഡല്‍ അത്യാവശ്യ ഉപയോഗത്തിന് വേണ്ടി ഒരുക്കാനും ആമസോണ്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വിമാന മാര്‍ഗം രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

സഹായം ഏറ്റവും അത്യാവശ്യമുളള ആശുപത്രികളെക്കുറിച്ചുളള വിവരങ്ങള്‍ കേന്ദ്ര ആരോഗ്യവകുപ്പില്‍ നിന്ന് ആമസോണ്‍ തേടുന്നുണ്ട്. കൊവിഡിനെതിരെ രാജ്യം പൊരുതുന്ന ഈ ഘട്ടത്തില്‍ സഹായിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് ആമസോണ്‍ ഇന്ത്യയുടെ ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രഡിഡണ്ട് അമിത് അഗര്‍വാള്‍ പ്രതികരിച്ചു. അടിയന്തരമായി 10,000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറററുകളും ബൈപ്പാസ് മെഷീനുകളും ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചിരുന്നു.

Author

Related Articles