News

2020ല്‍ ആമസോണില്‍ അധികമായി വന്നത് ഒന്നര ലക്ഷം ഇന്ത്യന്‍ വ്യാപാരികള്‍; വില്‍പ്പനയില്‍ 85 ശതമാനം വളര്‍ച്ച നേടി

ന്യൂഡല്‍ഹി: കൊവിഡില്‍ വ്യാപാര മേഖല വന്‍ തിരിച്ചടി ഏറ്റുവാങ്ങിയ 2020 ല്‍ ആമസോണ്‍ അധികമായി ചേര്‍ത്തത് ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വ്യാപാരികളെ. ആകെയുള്ള വ്യാപാരികളില്‍ 4,152 പേര്‍ ഒരു കോടിയിലേറെ വിറ്റുവരവ് നേടിയതും ആമസോണിന് അഭിമാനകരമായ നേട്ടമായി മാറി. 70,000 ത്തോളം ഇന്ത്യന്‍ കയറ്റുമതിക്കാരും തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായെന്ന് കമ്പനി അറിയിച്ചു.

വ്യാപാരികളും ലോജിസ്റ്റിക്‌സ് പങ്കാളികളും സ്റ്റോറുകളും അടക്കം പത്ത് ലക്ഷത്തിലധികം സ്ഥാപനങ്ങളുമായാണ് തങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. പുതുതായി ചേര്‍ന്ന വ്യാപാരികളില്‍ അരലക്ഷത്തിലേറെ പേരും ഹിന്ദി, തമിഴ് ഭാഷകളിലാണ് രജിസ്റ്റര്‍ ചെയ്തത്. കോടിയിലേറെ വിറ്റുവരവ് നേടിയ വ്യാപാരികളുടെ എണ്ണം 2019 നെ അപേക്ഷിച്ച് 29 ശതമാനം ഉയര്‍ന്നു.

നിലവില്‍ ഏഴ് ലക്ഷം കച്ചവടക്കാരാണ് ആമസോണ്‍ ഇന്ത്യയുടെ ഭാഗമായിട്ടുള്ളത്. ഡല്‍ഹിയിലാണ് ആമസോണിന് ഏറ്റവും കൂടുതല്‍ സെല്ലര്‍മാരുള്ളത്, 1.10 ലക്ഷം. മഹാരാഷ്ട്രയില്‍ 87,000 പേരും ഗുജറാത്തില്‍ 79,000 പേരുമുണ്ട്. ഇതിനെല്ലാം പുറമെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 85 ശതമാനം വളര്‍ച്ച നേടിയെന്നും കമ്പനി പറയുന്നു.

Author

Related Articles