News

കൊവിഡ് ആശ്വാസ പദ്ധതിയുമായി ആമസോണ്‍; ജീവനക്കാര്‍ക്ക് 30,600 രൂപ വീതം കൊവിഡ് അലവന്‍സ്

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തില്‍ കൊവിഡ് 19 റിലീഫ് പദ്ധതി (സിആര്‍എസ്) ആരംഭിച്ചിരിക്കുകയാണ് ആമസോണ്‍ ഇന്ത്യ. പുതിയ പദ്ധതി അനുസരിച്ച്, ആമസോണ്‍ ഇന്ത്യ സ്റ്റാഫിംഗ് ഏജന്‍സികളിലൂടെ നിയമിക്കുന്ന മുന്‍നിര ടീമുകള്‍ക്കും യോഗ്യതയുള്ള മറ്റ് ജീവനക്കാര്‍ക്കും കൊവിഡ് അലവന്‍സ്, ഹോസ്പിറ്റല്‍ റീഇംബേഴ്സ്മെന്റ് എന്നിവ വഴി അധിക സാമ്പത്തിക സഹായം നല്‍കും. ഇന്‍ ഹൗസ് കൊവിഡ് കെയര്‍, ചികിത്സാ ഉപകരണങ്ങള്‍ അല്ലെങ്കില്‍ ചികിത്സാ സംബന്ധമായ ചെലവുകള്‍ എന്നിവയ്ക്കായി ഓരോ ജീവനക്കാരനും നല്‍കുന്ന 30,600 രൂപയുടെ ഒറ്റത്തവണ ഗ്രാന്റാണ് കൊവിഡ് 19 അലവന്‍സ്.

ആശുപത്രി ചെലവുകള്‍ക്കായി ജീവനക്കാരുടെ പരമാവധി ഇന്‍ഷുറന്‍സ് പരിരക്ഷാ പരിധി കവിഞ്ഞെങ്കില്‍, ആമസോണ്‍ ഇന്ത്യ അധികമായി 1,90,000 രൂപ വരെയുള്ള ഇന്‍ഷുറന്‍സ് അംഗീകൃത ആശുപത്രി ചെലവുകള്‍ റീഇംബേഴ്സ് ചെയ്യും. കൊവിഡ് 19 റിലീഫ് പദ്ധതിക്ക് പുറമേ, വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് മുന്‍നിര ടീമുകള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് ആമസോണ്‍ ഇന്ത്യ ഉറപ്പാക്കുന്നു. സ്റ്റാഫിംഗ് ഏജന്‍സികള്‍ വഴി പ്രവര്‍ത്തിക്കുന്ന മുന്‍നിര അസോസിയേറ്റുകള്‍ക്കും കൊവിഡ് 19 അനുബന്ധ ആരോഗ്യ പരിചരണം, വൈദ്യ ചികിത്സ എന്നിവയ്ക്കായി ഒരു മാസത്തെ ശമ്പള അഡ്വാന്‍സ്, ക്വാറന്റീനിലാണെങ്കില്‍ ശമ്പളത്തോടുകൂടി അവധി എന്നിവ ലഭിക്കും.

സ്റ്റാഫിംഗ് ഏജന്‍സികള്‍ വഴി നിയമിക്കുന്ന എല്ലാ അസോസിയേറ്റുകള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഇഎസ്ഐസി ആനുകൂല്യങ്ങള്‍ എന്നിവ ആമസോണ്‍ ഇന്ത്യ ലഭ്യമാക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന മുന്‍നിര അസോസിയേറ്റുകള്‍ക്ക് പ്രാദേശിക നിയന്ത്രണങ്ങള്‍ കാരണം ജോലി ചെയ്യുന്നതിന് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ 7500 രൂപ വരെ ഉപജീവന പെയ്മെന്റും ലഭിക്കും.

Author

Related Articles