News

പ്രൈം നൗ സേവനം അവസാനിപ്പിക്കുന്നതായി ആമസോണ്‍; വിരമിക്കുന്നത് 2 മണിക്കൂര്‍ വിതരണ സംവിധാനം

ന്യൂഡല്‍ഹി: ആമസോണ്‍ അതിന്റെ സ്റ്റാന്‍ലോണ്‍ ഡെലിവറി ആപ്ലിക്കേഷന്‍ ആയ പ്രൈം നൗ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. രണ്ട് മണിക്കൂര്‍ ഡെലിവറി ഓപ്ഷനുകള്‍ ഇനി മുതല്‍ തങ്ങളുടെ പ്രധാന ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ പ്രൈം നൗ അനുഭവം ആമസോണിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രൈം നൗ ആപ്ലിക്കേഷനും വെബ്‌സൈറ്റും ഇതോടെ വിരമിക്കുകയാണെന്നും കമ്പനി അറിയിച്ചു.

'യുഎസില്‍, ഞങ്ങള്‍ 2019ലാണ് ആമസോണില്‍ ലഭ്യമാകുന്ന ആമസോണ്‍ ഫ്രെഷ്, ഹോള്‍ ഫുഡ്‌സ് എന്നിവയ്ക്കായി രണ്ട് മണിക്കൂറിനുള്ളിലെ വിതരണം ആരംഭിച്ചു. ആഗോളതലത്തില്‍, ഞങ്ങളുടെ മൂന്നാം കക്ഷി പങ്കാളികളെയും പ്രാദേശിക സ്റ്റോറുകളെയും ആമസോണ്‍ ഷോപ്പിംഗ് അനുഭവത്തിലേക്ക് മാറ്റി ഈ വര്‍ഷം അവസാനത്തോടെ പ്രൈം നൗ പ്ലാറ്റ്‌ഫോം പൂര്‍ണമായും അവസാനിപ്പിക്കും,'' ആമസോണിലെ ഗ്രോസറി വൈസ് പ്രസിഡന്റ് സ്റ്റെഫെനി ലാന്‍ഡ്രി അറിയിച്ചു.   

പ്രൈം നൗ 2014 ലാണ് വീണ്ടും സമാരംഭിച്ചത്. ഇപ്പോള്‍, ഷോപ്പിംഗ്, ഓര്‍ഡറുകള്‍ ട്രാക്കുചെയ്യല്‍, ഉപഭോക്തൃ സേവനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സൗകര്യപ്രദമായ ഒറ്റ ആപ്ലിക്കേഷനായി പ്രധാന ആപ്ലിക്കേഷനെ മാറ്റിയെടുക്കുകയാണ്. പ്രൈം നൗ പ്ലാറ്റ്‌ഫോമിലൂടെ വേഗത്തിലുള്ള വിതരണത്തിന് ലഭ്യമാക്കിയിരുന്ന എല്ലാ വിഭവങ്ങളും ഇപ്പോള്‍ ആമസോണില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ആമസോണില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളിലെ ഡെലിവറി തെരഞ്ഞെടുത്ത ഉപഭോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്ക് വളരെയധികം പോസിറ്റീവ് ആണെന്നും ആഗോളതലത്തില്‍ അള്‍ട്രാഫാസ്റ്റ് ഡെലിവറി അനുഭവം ലളിതമാക്കുന്നതിനുള്ള പുതിയ ഘട്ടമാണിതെന്നും കമ്പനി പറഞ്ഞു.

Author

Related Articles