News

ആമസോണ്‍ ഫാര്‍മസി വരുന്നു; ഇനി മരുന്നും ഓണ്‍ലൈനായി വാങ്ങാം

ന്യൂയോര്‍ക്ക്: കൊവിഡ് കാലത്ത് ആളുകളുടെ ഷോപ്പിംഗ് രീതികള്‍ അപ്പാടെ മാറിയിരിക്കുകയാണ്. വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാത്ത സാഹചര്യത്തില്‍ മിക്കവരും ഓണ്‍ലൈന്‍ ഷോപ്പിംഗ് ആണ് തിരഞ്ഞെടുക്കുക. അപ്പോഴും അത്യാവശ്യ മരുന്നുകളൊക്കെ വാങ്ങാന്‍ പുറത്തിറങ്ങുക തന്നെ വേണം. ആ പ്രശ്നത്തിനും ഇനി പരിഹാരമുണ്ട്.

ഓണ്‍ലൈന്‍ ഫാര്‍മസി തുറന്നിരിക്കുകയാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ആഗോള ഭീമനായ ആമസോണ്‍. ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി മരുന്നുകളും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആവശ്യമുളളവ ദിവസങ്ങള്‍ക്കുളളില്‍ തന്നെ നിങ്ങളുടെ വീട്ടുപടികലെത്തും. ഒരു ബുക്കോ കോഫി കപ്പോ ഓര്‍ഡര്‍ ചെയ്യുന്നത് പോലെ തന്നെ.

ഇതോടെ ഫാര്‍മസി വ്യവസായത്തിലേക്ക് കൂടി ആമസോണ്‍ ചുവടുവെപ്പ് നടത്തുകയാണ്. പുസ്തകം മുതല്‍ കളിപ്പാട്ടവും പലചരക്കും അടക്കം എല്ലാ വില്‍പന രംഗത്തും ആമസോണ്‍ ഇതിനകം മുദ്ര പതിപ്പിച്ചിട്ടുളളതാണ്. സിവിഎസും വാള്‍ഗ്രീനും അടക്കമുളള വമ്പന്‍ ശൃംഖലകള്‍ തങ്ങളുടെ ഫാര്‍മസികളെ ആണ് ആശ്രയിക്കുന്നത്.

പൊതുവായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തരത്തിലുളള മരുന്നുകളാണ് വിതരണം നടത്തുന്നതെന്ന് ആമസോണ്‍ അറിയിച്ചു. ക്രീമുകളും മരുന്നുകളും ഇന്‍സുലിന്‍ പോലുളളവയുമാണ് ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കാനാവുക. മരുന്ന് വാങ്ങാന്‍ ആഗ്രഹിക്കുന്നര്‍ ആമസോണ്‍ വെബ്സൈറ്റില്‍ സ്വന്തം പ്രൊഫൈല്‍ രൂപീകരിക്കണം.. ശേഷം ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കിയിരിക്കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ അയച്ച് കൊടുക്കുകയും വേണം. ഇന്‍ഷൂറന്‍സ് ഇല്ലാത്ത പ്രൈം അംഗങ്ങള്‍ക്കും ആമസോണില്‍ നിന്ന് ഡിസ്‌കൗണ്ടോടെ മരുന്നുകള്‍ വാങ്ങിക്കാം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 750 മില്യണ്‍ ഡോളര്‍ മുടക്കം ഓണ്‍ലൈന്‍ ഫാര്‍മസിയായ പില്‍പാക്ക്, ആമസോണ്‍ വാങ്ങിയിരുന്നു.

Author

Related Articles