News

ഇന്ത്യയിലെ ഏറ്റവും വലിയ ഡെലിവറി സ്‌റ്റേഷന്‍ പുനേയില്‍ ആരംഭിക്കാന്‍ ആമസോണ്‍; 40,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള സ്റ്റേഷന്‍ വഴി വേഗത്തില്‍ സര്‍വീസ്

പുനേ: തങ്ങളുടെ ഏറ്റവും വലിയ ഡെലിവറി സ്റ്റേഷന്‍ പുനേയില്‍ ആരംഭിക്കുമെന്ന് ആമസോണ്‍ ഇന്ത്യ. തങ്ങളുടെ ഡെലിവറി നെറ്റ്‌വര്‍ക്ക് മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. പുനേയില്‍ 40,000 സ്‌ക്വയര്‍ഫീറ്റിലാണ് ഡെലിവറി സ്റ്റേഷന്‍ ആരംഭിക്കുന്നത്.  പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി വ്യക്തമാക്കി. ആമസോണിന് സ്വന്തമായി 200 കമ്പനി ഉടമസ്ഥതയിലുള്ള ഡെലിവറി സ്റ്റേഷനുകളും 700 പാര്‍ട്ട്ണര്‍ഷിപ്പ് സ്റ്റേഷനുകളുമുണ്ട്. 

മുന്‍നിര ഓണ്‍ലൈന്‍ വില്‍പനശാലയായ ആമോസണിന്റെ ലോകത്തെ ഏറ്റവും വലിയ ഓഫിസ് ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയ്ക്കു വെളിയില്‍ ആമസോണ്‍ സ്ഥാപിച്ച ഏക ക്യാംപസ് എന്ന ഖ്യാതിയും ഇതിനാണ്. ആമസോണിന്റെ കീഴിലുള്ള ഏറ്റവും വലിയ കെട്ടിടത്തിലാണിത്. ഇത് കമ്പനി എത്ര ഗൗരവമായാണ് ഇന്ത്യന്‍ വിപണിയെ കാണുന്നതെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്. ഹൈദരാബാദിന്റെ ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലാണ് ക്യാംപസ്  സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ 15,000ത്തിലേറെ ജോലിക്കാരാണുള്ളത്. ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ഓഫിസിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇതാ: ആമസോണ്‍ ഈ കെട്ടിടത്തിന് തറക്കല്ലിട്ടത് 2016 മാര്‍ച്ച് 30നാണ്. അതായത് ആമസോണ്‍ ക്യാംപസ് എന്ന് അറിയപ്പെടുന്ന കെട്ടിടം നിര്‍മിക്കാന്‍ മൂന്നു വര്‍ഷമെടുത്തു. കെട്ടിടത്തിന്റെ പണി നടക്കുന്ന സമയത്ത് ഏകദേശം 2,000 പേര്‍ ഓരോ ദിവസവും സൈറ്റില്‍ ഉണ്ടായിരുന്നു.

ഇത് 39 മാസക്കാലം തുടര്‍ന്നു. ജോലിക്കാരുടെ എണ്ണവും ഓരോരുത്തരുടെയും സേവന സമയവും പരിഗണിച്ചാല്‍ ഈ കെട്ടിടം നിര്‍മിക്കാന്‍ 18 ദശലക്ഷം മണിക്കൂറുകള്‍ ചിലവിട്ടതായി പറയുന്നു. കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നത് 68 ഏക്കറിലാണ്. ഇതാകട്ടെ 68 ഫുട്ബോള്‍ കോര്‍ട്ടുകളുടെ വലുപ്പം വരുമെന്നു പറയുന്നു. ഓഫിസ് കെട്ടിടം 9.5 ഏക്കറിലാണെന്നു പറയുന്നു.

Author

Related Articles