News

മികച്ച നേട്ടം കൊയ്ത് ആമസോണ്‍ പ്രൈം ഡേ

ന്യൂഡല്‍ഹി: ജൂലായ് 26, 27 ദിവസങ്ങളില്‍ ആയിരുന്നു ഇത്തവണ ആമസോണിന്റെ പ്രൈം ഡേ സെയില്‍സ് നടന്നത്. പതിവ് പോലെ തന്നെ ഓഫറുകളുടെ പെരുമഴയായിരുന്നു ഇത്തവണയും. ഉപഭോക്താക്കള്‍ ഈ അവസരം നന്നായി മുതലെടുത്തിട്ടുണ്ട് എന്നാണ് പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, കച്ചവടക്കാര്‍ക്കും ഇത്തവണ ചാകര തന്നെ ആയിരുന്നു. കൊവിഡ് മൂല്യം വലിയ പ്രതിസന്ധി നേരിട്ടിരുന്ന ഒരു വിഭാഗം സെല്ലര്‍മാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതായിരുന്നു പ്രൈം ഡേ സെയില്‍സ്.

പ്രൈം ഡേ സെയില്‍സില്‍ ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങിയത് മൊത്തം 1.26 ലക്ഷം സെല്ലര്‍മാരില്‍ നിന്നാണെന്ന് ആമസോണ്‍ വ്യക്തമാക്കുന്നു. കരകൗശല വിദഗ്ധര്‍, നെയ്ത്തുകാര്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരായിരുന്നു ഈ സെല്ലര്‍മാര്‍ എന്നതും പ്രത്യേകതയാണ്. ഇതില്‍ 31,000 സെല്ലര്‍മാര്‍ വലിയ നേട്ടമുണ്ടാക്കി. അവരുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിവസ കച്ചവടം നടന്നതും പ്രൈം ഡേ സെയില്‍സില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രൈം ഡേ സെയില്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ശതമാനം അധികം സെല്ലര്‍മാര്‍ ഒരു കോടിയ്ക്ക് മുകളില്‍ വില്‍പന നടത്തിയിട്ടുണ്ട് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്

അതിവിശാലമായ ഒരു രാജ്യമാണ് ഇന്ത്യ. അത്രയേറെ പോസ്റ്റ് ഓഫീസുകളും ഇന്ത്യയില്‍ ഉണ്ട്. ഇന്ത്യയിലെ 96 ശതമാനം പിന്‍കോഡുകളില്‍ നിന്നും ഇത്തവണ പ്രൈം ഡേ സെയില്‍സില്‍ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നു എന്നും ആമസോണ്‍ പറയുന്നു. പ്രൈം അംഗത്വമുള്ളവര്‍ക്ക് മാത്രമായിട്ടായിരുന്നു പ്രൈം ഡേ സെയില്‍സ്. പ്രൈമില്‍ അംഗത്വമെടുക്കാനും ഇത്തവണ ഓഫറുകള്‍ ഉണ്ടായിരുന്നു. പുതിയതായി പ്രൈമില്‍ അംഗത്വമെടുത്ത ഉപഭോക്താക്കളില്‍ 70 ശതമാനം പേരും രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ളവരായിരുന്നു. കേരളത്തില്‍ നിന്നുള്ള കാസര്‍ഗോഡും ജമ്മു കശ്മീരിലെ അനന്ത്നാഗും ഝാര്‍ഖണ്ഡിലെ ബൊഖാറോയും ഒക്കെയാണ് ഈ സെഗ്മെന്റില്‍ ഏറ്റവും അധികം ഓര്‍ഡറുകള്‍ വന്ന നഗരങ്ങള്‍.

മറ്റൊരു റെക്കോര്‍ഡ് കൂടി ആമസോണ്‍ പ്രൈം ഡെ സെയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ഏറ്റവും അധികം ചെറുകിട, ഇടത്തരം ബിസനസ് സംരംഭകര്‍ പങ്കെടുത്ത വില്‍പന കൂടിയായി മാറിയിരിക്കുകയാണ് ഇത്തവണത്തെ പ്രൈം ഡേ സെയില്‍സ്. പേഴ്സണല്‍ കംപ്യൂട്ടിങ്, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും സ്മാര്‍ട്ട് ഫോണുകളും ഒക്കെയാണ് ഇത്തവണ ഏറ്റവും അധികം വിറ്റുപോയത്.

സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും അധികം വിറ്റുപോയത് വണ്‍പ്ലസ് നോര്‍ഡ് 2 5ജി, വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി, റെഡ്മി നോട്ട് 10 സീരീസ്,റെഡ്മി 9, സാംസങ് ഗാലക്സി എം31എസ്,സാംസങ് ഗാലസ്‌കി എം21, റിയല്‍മി സി11 എന്നിവയാണ്. ഒണീഡ ഫയര്‍ ടിവി ആണ് ടിവികളില്‍ ഏറ്റവും അധികം വിറ്റുപോയത്. എല്‍ജിയുടേയും സാംസങിന്റേയും വാഷിങ് മെഷീനുകള്‍, വേള്‍പൂളിന്റേയും സാംസങിന്റേയും റെഫ്രിജറേറ്ററുകള്‍, സാംസങ് മൈക്രോവേവ് ഓവനുകള്‍ എന്നിവയാണ് അപ്ലയന്‍സുകളില്‍ മുന്നില്‍.

Author

Related Articles