News

ഇ-കൊമേഴ്സ് യുദ്ധം മുറുകുന്നു; മുകേഷ് അംബാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ വക്കീല്‍ നോട്ടീസയച്ച് ആമസോണ്‍

ഇന്ത്യന്‍ വിപണി കൈയടക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പും ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണും കൊമ്പുകോര്‍ക്കുന്നു. അടുത്തിടെ മുകേഷ് അംബാനി സ്വന്തമാക്കിയ ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ, വക്കീല്‍ നോട്ടീസയച്ച് ആമസോണാണ് ഒരു യുദ്ധത്തിനുള്ള തുടക്കം കുറിച്ചിരിക്കുന്നത്.

റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇടപാട് തങ്ങളുമായുള്ള കരാറിന്റെ ലംഘനമാണെന്ന് കാട്ടിയാണ് ആമസോണ്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ റീറ്റെയ്ലില്‍ 7.3 ശതമാനം ഓഹരികളുള്ള ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ആമസോണ്‍ വാങ്ങിയിരുന്നു. കരാര്‍ പ്രകാരം ഫ്യൂച്ചര്‍ റീറ്റെയ്ല്‍ വില്‍ക്കുന്നുണ്ടെങ്കില്‍ അത് ആമസോണിന് വേണ്ടെങ്കില്‍ മാത്രം നടത്തുക എന്നും തങ്ങളോട് നേരിട്ട് മത്സരിക്കില്ല എന്നുമുള്ള ധാരണയുണ്ടെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്.  ഫ്യൂച്ചര്‍ ഗ്രൂപ്പിന് വക്കീല്‍ നോട്ടീസ് അയച്ച കാര്യം ആമസോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസമാണ് 3.38 ബില്യണ്‍ ഡോളര്‍ നല്‍കി റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സ്വന്തമാക്കിയത്.  ബിഗ് ബസാര്‍ അടക്കം 1500 ലേറെ സ്റ്റോറുകളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന് രാജ്യത്തുണ്ടായിരുന്നത്. ഇ കൊമേഴ്സ് മേഖലയില്‍ നടക്കുന്ന കടുത്ത മത്സരത്തിനിടയില്‍ തന്നെ റിലയന്‍സ് ആമസോണുമായി കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങളോടെ ഇരു കമ്പനികളും ഏറ്റുമുട്ടലിന്റെ പാതയില്‍ തന്നെയാണെന്നാണ് തെളിയുന്നത്.

Author

Related Articles