News

പുതിയ ഇ-കൊമേഴ്സ് നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പുമായി ടാറ്റാ ഗ്രൂപ്പ്

മുംബൈ: രാജ്യത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പുതിയ ഇ-കൊമേഴ്സ് നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പ് അറിയിച്ച് ടാറ്റാ ഗ്രൂപ്പ് രംഗത്ത്. നേരത്ത ആമസോണും പുതിയ നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പ് അറിയിച്ചിരുന്നു. 'ഇന്‍വെസ്റ്റ് ഇന്ത്യ'യുടെ മീറ്റിങ്ങിലാണ് ഇരു കമ്പനികളും തങ്ങളുടെ ആശങ്ക അറിയിച്ചത്. പുതിയ നിയമങ്ങള്‍ പലതും വ്യക്തമായി നിര്‍വചിക്കാത്തത് ഒരു പ്രശ്നമാണ്, നിര്‍ദേശങ്ങള്‍ വയ്ക്കാനുള്ള സമയപരിധി കുറഞ്ഞുപോയി. തിയതി നീട്ടിവയ്ക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങളായി കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നത്.

ജൂണ്‍ 21നാണ് രാജ്യത്തെ പുതിയ  ഇകൊമേഴ്സ് നിയമങ്ങളുടെ കരട് പുറത്തിറക്കിയത്. ഇത് ഉപയോക്താക്കളുടെ സംരക്ഷണത്തിനാണ് എന്നാണ് സര്‍ക്കാര്‍ അവകാശവാദം. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്ളാഷ് സെയിലുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും, തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും, പരാതികള്‍ പരിഹരിക്കാനായി സംവിധാനം വേണമെന്നുമാണ് നിര്‍ദേശങ്ങള്‍. ഇവയില്‍ പലതും പാലിക്കണമെങ്കില്‍ ആമസോണും, ഫ്ളിപ്കാര്‍ട്ടും അടക്കം ഇന്ത്യയിലെ ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇപ്പോഴത്തെ രീതികളും പ്രവര്‍ത്തനങ്ങളും അടിമുടി മാറ്റേണ്ടിവരും.  

കൂടാതെ ഇ മേഖലയില്‍ വളര്‍ന്നുവരുന്ന തദ്ദേശിയ സൈറ്റുകള്‍ക്കും, സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും കൂടുതല്‍ പണം ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ചിലവഴിക്കേണ്ടി വന്നേക്കും. കോവിഡ്-19 ചെറുകിട വ്യാപാരികള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ആമസോണ്‍ പറയുന്നു. പുതിയ നിയമങ്ങള്‍ ആമസോണ്‍ വഴി വില്‍പന നടത്തുന്ന പല കച്ചവടക്കാരെയും ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഫ്ളിപ്കാര്‍ട്ടും ആമസോണും പോലെയുള്ള ഓണ്‍ലൈന്‍ വിപണി നടത്തുന്നവര്‍ സ്വന്തമായി വ്യാപാരം നടത്തരുതെന്ന് പുതിയ നിയമങ്ങള്‍ പറയുന്നു. ഇത് ആമസോണിന് കടുത്ത തിരിച്ചടി നല്‍കുമെന്നും വാര്‍ത്തകളുണ്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വില്‍പ്പനക്കാരില്‍ വലിയ നിക്ഷേപം ആമസോണ്‍ പോലുള്ള കമ്പനികള്‍ നടത്തുന്നുണ്ട്.

Author

Related Articles