News

രണ്ട് വര്‍ഷത്തിനുള്ളില്‍ അയര്‍ലന്റില്‍ 1,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അയര്‍ലന്റില്‍ 1,000 സ്ഥിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായി ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ അറിയിച്ചു. തൊഴില്‍ ശക്തിയില്‍ പുതിയ സ്ഥാനങ്ങള്‍ ചേര്‍ക്കുന്നത് അയര്‍ലന്റിലെ ആമസോണിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 5,000 -ത്തിലേക്ക് എത്തിക്കും. ബ്ലാന്‍ചാര്‍ഡ്സ്ടൗണ്‍, ടല്ലാഗ്, സിറ്റി സെന്റര്‍, നോര്‍ത്ത് കൗണ്ടി ഡബ്ലിന്‍ എന്നിവിടങ്ങളിലുള്ള കമ്പനിയുടെ കോര്‍ക്ക്, ഡബ്ലിന്‍ സൈറ്റുകളിലുടനീളം ആയിരിക്കും പുതിയതും ഉയര്‍ന്ന വൈദഗ്ധ്യമുള്ളതുമായ റോളുകള്‍ കമ്പനി കൂട്ടിച്ചേര്‍ക്കുക.

പുതിയ ജോലികള്‍ക്ക് പുറമേ, ചാള്‍മോണ്ട് സ്വകയറിലെ 1,70,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ ക്യാമ്പസിലും ആമസോണ്‍ നിക്ഷേപം നടത്തുന്നു. ആമസോണ്‍ വെബ് സര്‍വീസസിന്റെ വളരുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് വര്‍ക്ക് ഫോഴ്സിന്റെ കേന്ദ്രമായിരിക്കും ക്യാമ്പസ്. ഏതാണ്ട് 2022 -ല്‍ ഇത് തുറന്നു പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു. ' കഴിഞ്ഞ 15 വര്‍ഷമായി ആമസോണ്‍ അയര്‍ലന്റില്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് ഞങ്ങള്‍ വിദഗ്ധമായ ചില റോളുകള്‍ സൃഷ്ടിക്കുന്നതിലുള്ള പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്,' ആമസോണ്‍ വെബ് സര്‍വീസസ് അയര്‍ലന്റ് കണ്‍ട്രി മാനേജര്‍ മൈക്ക് ബിയറി ഒു പ്രസ്താവനയിലൂടെ അറിയിച്ചു. സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്റ് എഞ്ചിനീയര്‍മാര്‍, നെറ്റ്വര്‍ക്ക് ഡെവലപ്പ്മെന്റ് എഞ്ചിനീയര്‍മാര്‍, സിസ്റ്റം ഡെവലപ്പ്മെന്റ് എഞ്ചിനീയര്‍മാര്‍, ഒപ്റ്റിക്കല്‍ ഡിപ്ലോയ്മെന്റ് എഞ്ചിനീയര്‍മാര്‍, ഡാറ്റാബേസ് എഞ്ചിനീയര്‍മാര്‍, ഡേവ് ഓപ്സ് എഞ്ചിനീയര്‍മാര്‍, സപ്പോര്‍ട്ട് എഞ്ചിനീയര്‍മാര്‍ എന്നീ റോളുകളില്‍ നിന്നാണ് കമ്പനി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്.

ഡാറ്റ് സെന്റര്‍ ടെക്നീഷ്യന്മാര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍, സൊല്യൂഷന്‍സ് ആര്‍ക്കിടെക്റ്റുകള്‍, സെക്യൂരിറ്റി സ്പെഷ്യലിസ്റ്റുകള്‍, ടെക്നിക്കല്‍, നോണ്‍-ടെക്നിക്കല്‍ പ്രോഗ്രാം മാനേജര്‍മാര്‍, അക്കൗണ്ട് മാനേജര്‍മാര്‍ എന്നീ റോളുകളിലുള്ളവരെയും കമ്പനി നിയമിക്കും. കൂടാതെ, ആമസോണ്‍, ആമസോണ്‍ വെബ് സേവനങ്ങള്‍ എന്നിവയില്‍ സാങ്കേതിക മാനേജ്മെന്റ് റോളുകളും മുതിര്‍ന്ന നേതൃത്വ അവസരങ്ങളും ഉണ്ടാകും.

'അയര്‍ലന്റിലും ആഗോളതലത്തിലും ക്ലൗഡ് സേവനങ്ങളുടെ ആവശ്യകത വര്‍ദ്ധിക്കുന്നതായി ഞങ്ങള്‍ വിലയിരുത്തി. ഉയര്‍ന്ന വൈദഗ്ധ്യമുള്ള 1,000 റോളുകള്‍ ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അതിനാല്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പുതുമയാര്‍ന്ന സേവന അനുഭവങ്ങള്‍ നല്‍കുന്നത് ഞങ്ങള്‍ തുടരും,' ബിയറി കൂട്ടിച്ചേര്‍ത്തു.

Author

Related Articles