News

2021 ജൂണ്‍ വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ആമസോണ്‍

കൊവിഡ്-19 മഹാമാരി മൂലം ഓഫീസിലെത്താതെ തന്നെ ജീവനക്കാര്‍ക്ക് ജൂണ്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ആമസോണ്‍ അറിയിച്ചു. വീട്ടില്‍ നിന്ന് ഫലപ്രദമായി ജോലി ചെയ്യാന്‍ കഴിയുന്ന ജീവനക്കാര്‍ക്കാണ് 2021 ജൂണ്‍ 30 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമുള്ളത്. ആഗോളതലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ബാധകമാണെന്ന് കമ്പനി അറിയിച്ചു. ആമസോണ്‍ നേരത്തെ ജനുവരി വരെ വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ അനുവദിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണിലെ 19,000 ല്‍ അധികം യുഎസ് ജീവനക്കാര്‍ക്ക് ഈ വര്‍ഷം കൊറോണ വൈറസ് ബാധിച്ചതായി വ്യക്തമാക്കിയതിന് ശേഷമാണ് പുതിയ തീരുമാനം. പകര്‍ച്ചവ്യാധി സമയത്ത് വെയര്‍ഹൌസുകള്‍ തുറന്നിടുന്നത് വഴി ആമസോണ്‍ ജീവനക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്ന് ചില ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും യൂണിയനുകളും വ്യക്തമാക്കിയിരുന്നു.

ശാരീരിക അകലം, വൃത്തിയാക്കല്‍, താപനില പരിശോധന, മുഖം മൂടല്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയിലൂടെ ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ സുരക്ഷിതമാക്കുന്നതിന് കാര്യമായ ഫണ്ടുകളും വിഭവങ്ങളും കമ്പനി നീക്കി വച്ചിട്ടുണ്ടെന്നും ആമസോണ്‍ വക്താവ് ചൊവ്വാഴ്ച പറഞ്ഞു. മെയ് മാസത്തില്‍, വീട്ടിലിരുന്ന ജോലി ചെയ്യാന്‍ കഴിയുന്ന ജീവനക്കാരെ അനിശ്ചിതമായി ഇതേ രീതിയില്‍ തുടരാന്‍ അനുവദിച്ച ആദ്യത്തെ ടെക് കമ്പനിയായി ട്വിറ്റര്‍ മാറി.

ഈ മാസം ആദ്യം മിക്ക ജീവനക്കാരെയും അവരുടെ പ്രതിവാര പ്രവൃത്തി സമയത്തിന്റെ പകുതി വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുമെന്ന് മൈക്രോസോഫ്ട് വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ജൂലൈ വരെ തങ്ങളുടെ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുമെന്ന് ഫെയ്സ്ബുക്കും വ്യക്തമാക്കി. അതേസമയം, ഓഫീസില്‍ ജോലി ചെയ്യേണ്ട ആവശ്യമില്ലാത്ത ജീവനക്കാര്‍ക്കായി വിദൂര പ്രവര്‍ത്തന കാലയളവ് ജൂണ്‍ വരെ ഗൂഗിളും നീട്ടിയിരുന്നു.

Author

Related Articles