News

ഒരേ സമയം 15000 ജീവനക്കാര്‍ക്ക് സുഖമായി ജോലി ചെയ്യാവുന്ന വമ്പന്‍ ക്യാമ്പസ്; യുഎസ് ഓഫീസിന് ശേഷം ഹൈദാരാബാദില്‍ പുത്തന്‍ മുഖവുമായി ആമസോണ്‍

ഹൈദരാബാദ്: ലോകത്ത് ഇ-കോമേഴ്‌സ് ഭീമന്‍ ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്ന ഏറ്റവും വലിയ ഓഫീസ് ഇനി ഹൈദരാബാദിലാകും. അമേരിക്കയില്‍ കമ്പനിയ്ക്കുള്ള ആസ്ഥാനത്തേക്കാള്‍ വലുപ്പമുള്ള സമുച്ചയമാണ് ഇപ്പോള്‍ കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 15000ല്‍ അധികം ജീവനക്കാര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ സാധിക്കും. ഇന്ത്യയില്‍ ആകെ 62,000 ജീവനക്കാരാണ് ആമസോണിനുള്ളത്. ഇതില്‍ നല്ലൊരു വിഭാഗവും ഇനി ഹൈദരാബാദ് ഓഫീസിലാകും ജോലി ചെയ്യുക. രാജ്യത്തെ റീട്ടെയ്ല്‍ രംഗത്ത് ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനിയിപ്പോള്‍. 

ഹൈടെക്ക് സിറ്റിയ്ക്ക് സമീപം നിര്‍മ്മിച്ചിരിക്കുന്ന പുതിയ സമുച്ചയത്തില്‍ എല്ലാ വിധ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. 9.5 ഏക്കറിലാണ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. 3.2 മില്യണ്‍ ക്യുബിക്ക് സ്റ്റോറേജ് സ്‌പെയ്‌സും ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് കപ്പാസിറ്റിയില്‍ രണ്ട് സോര്‍ട്ടിങ് സെന്ററുകളും 90 ഡെലിവറി സ്‌റ്റേഷനുകളുമാണ് ആമസോണിന് തെലങ്കാനയിലുള്ളത്. 

രാജ്യത്തെ താല്‍ക്കാലിക സാമ്പത്തികാവസ്ഥയ്ക്കു മാത്രം ഊന്നല്‍ നല്‍കാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണത്തോടെയാകും ഇന്ത്യയില്‍ തങ്ങള്‍ നിക്ഷേപം നടത്തുകയെന്ന് യു.എസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ റീട്ടെയിലര്‍ കമ്പനി ആമസോണ്‍. ഇന്ത്യയിലെ ഇ- കോമേഴ്സ് വിപണിയില്‍ മാന്ദ്യമുള്ളതായി തോന്നുന്നില്ലെന്നും ആമസോണ്‍ ഇന്ത്യ മാനേജര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.

ഇപ്പോഴത്തെ 1 ബില്യണ്‍ ഡോളറില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ വിറ്റുവരവ് 5 ബില്യണ്‍ ഡോളര്‍ ആക്കാനാണു ലക്ഷ്യമിടുന്നത്.-ആഗോളതലത്തില്‍ ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് കെട്ടിടം ഹൈദരാബാദില്‍ ആരംഭിച്ച ചടങ്ങിനു ശേഷം മാധ്യമങ്ങളോട് അമിത് അഗര്‍വാള്‍ പറഞ്ഞു.ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും ആമസോണ്‍ ഇന്ത്യ മുന്നേറ്റപാതയിലാണ്. രജിസ്റ്റര്‍ ചെയ്ത 50,000 വില്‍പ്പനക്കാരുടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ആഗോള വില്‍പ്പന പ്ലാറ്റ്ഫോം വഴി ആമസോണ്‍ നിലവില്‍ കൈകാര്യം ചെയ്തുവരുന്നു.

Author

Related Articles