News

തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആഴത്തിലുള്ള കിഴിവ് ഒഴിവാക്കാന്‍ റീട്ടെയ്‌ലര്‍മാരോട് ആവശ്യപ്പെട്ട് അമുല്‍

പ്രമുഖ റീട്ടെയ്‌ലര്‍മാരോട് അപേക്ഷയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി കമ്പനിയായ അമുല്‍. റിലയന്‍സ് റീട്ടെയില്‍, ആമസോണ്‍, ബിഗ്ബാസ്‌ക്കറ്റ്, ഡി'മാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ഓഫ്ലൈന്‍, ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരോട് തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആഴത്തിലുള്ള കിഴിവ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചില്ലറ വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലയെ പിന്തുണയ്ക്കുന്നതാണ് അമുലിന്റെ നീക്കം. വിലനിര്‍ണ്ണയ തുല്യതയെച്ചൊല്ലി ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളും പരമ്പരാഗത ചില്ലറ വ്യാപാരികളും തമ്മിലുള്ള സമീപകാല വിവാദത്തെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി.

ഏതെങ്കിലും ഒരു ചാനലിനെ അനുകൂലിക്കുന്ന വ്യത്യസ്ത വില രീതി ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അതുപോലെ, ഞങ്ങളുടെ ചാനല്‍ പങ്കാളികളും നിശ്ചയിച്ച വില വെട്ടിക്കുറയ്ക്കുന്നതില്‍ പങ്കാളികളാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയേണ്ടതുണ്ട്. അമുലിന്റെ അംഗീകൃത വില പിന്തുടരുകയും ആഴത്തിലുള്ള കിഴിവ് ഒഴിവാക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധിയുടെ കത്തില്‍ പറയുന്നു. ജിസിഎംഎംഎഫ് അമുല്‍ ഫ്രാഞ്ചൈസിക്ക് കീഴില്‍ പാക്കേജുചെയ്ത പാല്‍, ഐസ്‌ക്രീം, വെണ്ണ, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നു.

റിലയന്‍സ് ജിയോമാര്‍ട്ട്, മെട്രോ ക്യാഷ് & കാരി, ബിസിനസ്-ടു-ബിസിനസ് (ബി2ബി) പ്ലാറ്റ്ഫോമായ ഉഡാന്‍ തുടങ്ങിയ മൊത്തക്കച്ചവടക്കാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വന്‍കിട എഫ്എംസിജി കമ്പനികള്‍ വില്‍ക്കുന്നതായി പരമ്പരാഗത വിതരണക്കാര്‍ ആരോപിച്ചു. അടുത്ത കാലത്തായി, ഞങ്ങളുടെ പരമ്പരാഗത ചാനല്‍ പങ്കാളികളില്‍ നിന്ന് വിലനിര്‍ണ്ണയ പ്രശ്നങ്ങളില്‍ നിരവധി പരാതികള്‍ ഞങ്ങള്‍ നേരിട്ടു. അത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഞങ്ങളുടെ മാനദണ്ഡങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും സോധി ഒപ്പിട്ട കത്തില്‍ കുറിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ്ലെ, കോള്‍ഗേറ്റ് പാമോലിവ് എന്നിവയുള്‍പ്പെടെ രണ്ട് ഡസന്‍ എഫ്എംസിജി കമ്പനികള്‍ക്ക് ഡിസ്ട്രിബ്യൂട്ടേഴ്സ് ബോഡി ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ (എഐസിപിഡിഎഫ്) തുറന്ന കത്തെഴുതിയപ്പോള്‍, പരമ്പരാഗത ചാനലുകളും എഫ്എംസിജി കമ്പനികളും തമ്മില്‍ വ്യാപാര മാര്‍ജിന്‍ സംബന്ധിച്ച് സംഘര്‍ഷം രൂക്ഷമാകുന്നത് കണ്ടു.

പുതിയ ബിസിനസ്-ടു-ബിസിനസ്സിനും വളര്‍ന്നുവരുന്ന മൊത്തക്കച്ചവട, ചില്ലറ വില്‍പന പ്ലാറ്റ്ഫോമുകള്‍ക്കും അവര്‍ വാഗ്ദാനം ചെയ്തതിന് സമാനമായി എഫ്എംസിജി കമ്പനികളില്‍ നിന്ന് വിതരണക്കാര്‍ തുല്യ മാര്‍ജിന്‍ തേടി. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്താനുള്ള വിതരണക്കാരുടെ ഭീഷണികള്‍ എച്ച്യുഎല്‍, കോള്‍ഗേറ്റ്-പാമോലിവ് എന്നിവരും മറ്റ് ചിലരും 'വിതരണ ചാനല്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന്' പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചു.

Author

Related Articles