News

80കാരി നടത്തുന്ന സംരംഭത്തില്‍ നിക്ഷേപം നടത്താന്‍ ആനന്ദ് മഹീന്ദ്ര; പാവങ്ങള്‍ക്കായി വെറും ഒരു രൂപയ്ക്ക് ഇഡ്‌ലി വില്‍ക്കുന്ന കമലദളിനെ പറ്റി വ്യവസായ ഭീമന്റെ ട്വീറ്റ്

എപ്പോഴും വ്യത്യസ്തമായ ട്വീറ്റുകളൊരുക്കി ഏവരേയും വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. എന്നാല്‍ ഏറ്റവും പുതിയതായി അദ്ദേഹം പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമുള്ള എണ്‍പതുകാരി പാവങ്ങള്‍ക്ക് വേണ്ടി വെറും ഒരു രൂപയ്ക്ക് ഇഡ്‌ലിയുണ്ടാക്കി വിതരണം ചെയ്യുന്നതിനെ പറ്റിയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. 80കാരിയായ കെ. കമലദള്‍ ഇഡ്‌ലി തയാറാക്കുന്ന വീഡിയോയും അദ്ദേഹം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

കമലദളിന് എല്ലാവിധ സഹായങ്ങളും ചെയ്യും എന്ന് വ്യക്തമാക്കിയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് അവസാനിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന് സമീപത്തുള്ള ചെറുഗ്രാമത്തിലാണ് കമലദള്‍ താമസിക്കുന്നത്.  ലാഭേച്ഛ കൂടാതെ കഴിഞ്ഞ 35 വര്‍ഷമായി കമലദള്‍ ഇഡ്‌ലിയുണ്ടാക്കി വിതരണം ചെയ്യുന്നുണ്ട്. സൂര്യോദയത്തിന് മുന്‍പ് എഴുന്നേല്‍ക്കുന്ന കമലദള്‍ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഇഡ്‌ലി തയാറാക്കുന്നത്.

തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ആരും വെറും വയറോടെ ജോലി ചെയ്യാന്‍ തുടങ്ങരുതെന്ന് കമലദളിന് നിര്‍ബന്ധമാണ്. അതിനാലാണ് തനിക്ക് ആവും വിധം ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് കമലദള്‍ പറയുന്നു. ആദ്യകാലത്ത് ഇഡ്‌ലിയും സാമ്പാറും ചട്‌നിയും വെറും 50 പൈസയ്ക്കാണ് വിറ്റുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ഉല്‍പാദനചെലവ് കൂടിയപ്പോള്‍ ഇത് ഒരു രൂപയാക്കുകയായിരുന്നുവെന്ന് കമലദള്‍ പറയുന്നു. 

Author

Related Articles