News

26000 കോടി രൂപയാണ് തിരിച്ചടക്കാനുള്ളതെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍; 86000 കോടിയോളം നല്‍കാനുണ്ടെന്ന് വായ്പാ ദാതാക്കള്‍

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയായെടുത്ത 26000 കോടി രൂപയാണ് തിരിച്ചടക്കാനുള്ളതെന്ന് കടം കയറി നില്‍ക്കക്കള്ളിയില്ലാതായ റിലയന്‍സ് കമ്യൂണിക്കേഷന്‍. എന്നാല്‍ ഇന്ത്യന്‍ ബാങ്കുകളും മറ്റ് വായ്പാ ദാതാക്കളും പറയുന്നത് നിലവില്‍ പാപ്പരത്വ നടപടികളിലൂടെ പോകുന്ന കമ്പനി 86000 കോടിയോളം നല്‍കാനുണ്ടെന്നാണ്.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 49000 കോടിയും റിലയന്‍സ് ടെലികോം 24000 കോടിയും റിലയന്‍സ് ഇന്‍ഫ്രാടെല്‍ 12600 കോടിയും നല്‍കാനുണ്ടെന്നാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ മുന്‍പാകെ വായ്പാ ദാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഈ വാദം നീതിയുക്തമല്ലെന്നും ദില്ലി ഹൈക്കോടതിയുടെ ഇടക്കാല വിധി ഇത് തള്ളിയതാണെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വാദിക്കുന്നു.

ടെലികോം സെക്ടറിലെ സാമ്പത്തിക പ്രതിസന്ധി പുതിയ കമ്പനിയുടെ രംഗപ്രവേശത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എയര്‍സെല്‍, സിസ്റ്റെമ, വീഡിയോകോണ്‍, ടാറ്റ ഡൊകൊമോ തുടങ്ങി നിരവധി കമ്പനികള്‍ക്കാണ് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്നും കമ്പനി പറയുന്നു. കഴിഞ്ഞ 15 മാസത്തിനിടെ വൊഡഫോണ്‍ ഐഡിയക്ക് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കമ്പനി ഉദാഹരണമായി ചൂണ്ടിക്കാട്ടി.

Author

Related Articles