News

ആന്റണി വെയ്സ്റ്റ് ഹാന്‍ഡ്‌ലിങ് സെല്‍ ഐപിഒയിലേക്ക്; ഡിസംബര്‍ 21ന് ആരംഭിക്കുന്നു

കൊച്ചി: ഇന്ത്യയിലെ നഗര ഖര മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രംഗത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനമായ ആന്റണി വെയ്സ്റ്റ് ഹാന്‍ഡ്‌ലിങ് സെല്ലിന്റെ പ്രാഥമിക ഓഹരി വില്‍പന ഡിസംബര്‍ 21-ന് ആരംഭിക്കും. അഞ്ചു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 313 രൂപ മുതല്‍ 315 രൂപ വരെയാണ്.

85 കോടി രൂപ വരെ വരുന്ന പുതിയ ഓഹരികളും നിലവിലുള്ള 6,824,933 വരെ ഓഹരികളുമാണ് വിതരണം ചെയ്യുന്നത്. കുറഞ്ഞത് 47 ഓഹരികളും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. ഡിസംബര്‍ 23 വരെയാണ് ഐപിഒ. മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം നിര്‍മിക്കുന്നതിനായി സബ്‌സിഡിയറികളിലൂടെ നിക്ഷേപം നടത്താനും സംയോജിത കടങ്ങള്‍ കുറക്കാനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനുമായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

അടുത്തിടെ മിസിസ് ബെക്ടേഴ്സ് ഫൂഡ്സും രാജ്യത്ത് 540 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങിയിരുന്നു. ഡിസംബര്‍ 15 -ന് ആരംഭിച്ച മിസിസ് ബെക്ടേഴ്സ് ഫൂഡ് സ്പെഷാലിറ്റീസിന്റെ പ്രാഥമിക ഓഹരി വില്‍പന വ്യാഴാഴ്ച്ചയാണ് (ഡിസംബര്‍ 15) അവസാനിച്ചത്. 540 കോടി രൂപയുടെ ഐപിഒയില്‍ 286-288 രൂപയാണ് കമ്പനി നിശ്ചയിച്ച പ്രൈസ് ബാന്റ്. ഓഹരി ഉടമകളുടെ നിലവിലുള്ള 500 കോടി രൂപയുടെ ഓഹരികളും 40.54 കോടി രൂപയുടെ പുതിയ ഓഹരികളും വില്‍പ്പനയില്‍ ഉള്‍പ്പെട്ടു.

ബിസ്‌ക്കറ്റുകള്‍, ബ്രഡ്സ്, ബണ്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കമ്പനിയാണ് മിസിസ് ബെക്ടേഴ്സ് ഫൂഡ് മാനുഫാക്ടേഴ്സ്. മിസിസ് ബെക്ടേഴ്സ് ക്രീമിയ, ഇംഗ്ലീഷ് അവന്‍ തുടങ്ങിയ ബ്രാന്റുകളിലാണ് ബിസ്‌ക്കറ്റുകളും ബ്രഡും വിപണനം ചെയ്യുന്നത്. രജ്പൂര ശാലയില്‍ ബിസ്‌ക്കറ്റുകള്‍ക്കായി പുതിയ നിര്‍മാണ സൗകര്യം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായാവും തുക ഉപയോഗിക്കുക.

Author

Related Articles