News

യൂറോപ്യന്‍ ബ്രാന്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് അപ്പോളോ ടയേഴ്സ്

പ്രീമിയം സെഗ്മെന്റിനായി അപ്പോളോ ടയേഴ്സ് തങ്ങളുടെ യൂറോപ്യന്‍ ബ്രാന്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. 2009ല്‍ അപ്പോളോ ഏറ്റെടുത്ത നെതര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡസ്റ്റെയിന്‍ ടയേഴ്സിനെയാണ് കമ്പനി ഇന്ത്യയില്‍ എത്തിക്കുന്നത്. പ്രീമിയം പാസഞ്ചര്‍ വാഹനങ്ങള്‍ക്കായും ഇരു ചക്രവാഹനങ്ങള്‍ക്കായും തദ്ദേശീയമായി റെഡസ്റ്റെയിന്‍ ബ്രാന്‍ഡിലുള്ള ടയറുകള്‍ അപ്പോളോ നിര്‍മിക്കും. 15 മുതല്‍ 20 ഇഞ്ച് വരെയുള്ള ടയറുകളാകും റെഡസ്റ്റെയിന്റെ കീഴില്‍ എത്തുക.

കഴിഞ്ഞ വര്‍ഷം ജൂണില്‍ കേന്ദ്രം ടയറുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടാത്ത വിഭാഗത്തിലുളള ടയറുകള്‍ മാത്രമെ ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭിക്കു. ഇറക്കുമതി നിയന്ത്രണങ്ങള്‍ പ്രീമിയം ബ്രാന്‍ഡുകളുടെ ബിസിനസിനെ ബാധിച്ചിരുന്നു. ഈ സാഹചര്യം മുതലാക്കാനും പ്രീമിയം വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഡിമാന്റ് ഉയരുന്നതും മുന്നില്‍ കണ്ടാണ് അപ്പോളോയുടെ പുതിയ നീക്കം.

ആഗോള തലത്തില്‍ കാര്‍, സൈക്കിള്‍ ടയറുകളാണ് റെഡസ്റ്റയിന്‍ നിര്‍മിക്കുന്നത്. ഇന്ത്യയിലാകും റെഡസ്റ്റയിന്‍ ഇരു ചക്രവാഹനങ്ങളുടെ ടയറുകള്‍ അവതരിപ്പിക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തോടെ വരുമാനം 37500 കോടിയാക്കുകയാണ് അപ്പോളോയുടെ ലക്ഷ്യം. കയറ്റുമതി ഉയര്‍ത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 16,955 കോടി ആയിരുന്നു അപ്പോളോ ടയേഴ്സിന്റെ വരുമാനം.

Author

Related Articles