News

പാര്‍ലറിനെ പുറത്താക്കി ആപ്പിളും ആമസോണും ഗൂഗിളും; ആപ്പിന് കനത്ത തിരിച്ചടി

അമേരിക്ക കേന്ദ്രമായ പ്രവര്‍ത്തിക്കുന്ന മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം പാര്‍ലറിന് ആപ്പിളും ഗൂഗിളും ആമസോണും 'പൂട്ടിട്ടു'. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് പാര്‍ലര്‍ അപ്രത്യക്ഷമായി. ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ പാര്‍ലറില്‍ വ്യാപകമായി ചേക്കേറുന്ന പശ്ചാത്തലത്തിലാണ് കമ്പനികളുടെ നടപടി.

തീവ്രവലതുപക്ഷ വാദികള്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ പാര്‍ലര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ആപ്പിനെ നീക്കം ചെയ്യുന്നതെന്ന് ആപ്പിളും ആമസോണും ഗൂഗിളും അറിയിച്ചു. വെള്ളിയാഴ്ച്ചയാണ് പാര്‍ലറിനെ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ വിലക്കിയത്. ശനിയാഴ്ച്ച ആപ്പിളും ആമസോണും സമാന നടപടികള്‍ സ്വീകരിച്ചു.

നിലവില്‍ ട്വിറ്ററില്‍ നിന്നും വിലക്ക് നേരിടുന്നവര്‍ വ്യാപകമായി ഉപയോഗിക്കുന്ന മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമാണ് പാര്‍ലര്‍. ആപ്പ് സ്റ്റോറില്‍ തിരിച്ചെത്താന്‍ 24 മണിക്കൂര്‍ സാവകാശം ആപ്പിള്‍ പാര്‍ലറിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ നിയന്ത്രിക്കാനും അക്രമങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ തടയാനും പാര്‍ലര്‍ നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം വിലക്ക് തുടരുമെന്ന് ആപ്പിള്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

പാര്‍ലറിന് നല്‍കി വന്നിരുന്ന സെര്‍വര്‍ സേവനങ്ങള്‍ ആമസോണ്‍ റദ്ദു ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍ പാര്‍ലര്‍ വൈകാതെ ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാവും. തങ്ങളുടെ സേവനങ്ങള്‍ ഹോസ്റ്റ് ചെയ്യാന്‍ പുതിയ കമ്പനിയെ കണ്ടെത്തേണ്ട തിടുക്കവും ഇപ്പോള്‍ പാര്‍ലറിനുണ്ട്. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ നിയന്ത്രിക്കാത്തതിനെത്തുടര്‍ന്നാണ് ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) സേവനങ്ങള്‍ റദ്ദു ചെയ്തത്.

ഇതേസമയം ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ കമ്പനികളുടെ നടപടിയില്‍ പാര്‍ലര്‍ ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ മാറ്റ്സെ പ്രതിഷേധം അറിയിച്ചു. ഈ കമ്പനികള്‍ പാര്‍ലറിനെ മനഃപൂര്‍വം പ്രതിസന്ധിയിലാക്കുകയാണെന്ന് മാറ്റ്സെ പറഞ്ഞു. ഡോണള്‍ഡ് ട്രംപ് അനുകൂലികളെയും ഈ നീക്കം സാരമായി ബാധിക്കും. നിലവില്‍ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമും വലതുപക്ഷ അനുകൂലികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് ജോണ്‍ മാറ്റ്സെ കൂട്ടിച്ചേര്‍ത്തു. ആമസോണ്‍ ഹോസ്റ്റിങ് സേവനങ്ങള്‍ നിര്‍ത്തലാക്കിയതുകൊണ്ട് അടുത്ത ഒരാഴ്ച്ച പാര്‍ലര്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകില്ലെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

Author

Related Articles