News

ഉപയോക്താക്കളുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്ന റേഡിയേഷന്‍; ടെക്ക് ഭീമന്മാരായ ആപ്പിളിനും സാംസങ്ങിനുമെതിരെ യുഎസ് കോടതിയില്‍ ഹര്‍ജി

സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം കൂടും തോറും റേഡിയേഷന്‍ സംബന്ധിച്ച പ്രശ്നങ്ങളും വര്‍ധിക്കുകയാണെന്ന കാര്യം നമുക്കറിയാം. എന്നാല്‍ ഈ വിഷയം ഇപ്പോള്‍ ഏറ്റവുമധികം കുരുക്കായിരിക്കുന്നത് ഗാഡ്ജറ്റ് ഭീമന്മാരായ സാംസങ്ങിനും ആപ്പിളിനുമാണ്. രണ്ട് കമ്പനികളുടേയും ഫോണുകള്‍ക്കെതിരെ റേഡിയേഷന്‍ സംബന്ധിച്ച് പരാതി വന്നപ്പോഴാണ് ഗാഡ്ജറ്റ് ഭീമന്‍മാര്‍ കുരുക്കിലായത്. യുഎസ് കോടതിയില്‍ ഹര്‍ജി വന്നതോടെയാണ്  ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ്‌സ് സംബന്ധിച്ച് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള നിയമപരമായ റേഡിയേഷന്‍ പരിധിയേക്കാള്‍ കൂടുതലാണ് ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളുടെ റേഡിയേഷന്‍ എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യുഎസിലെ കാലിഫോര്‍ണിയയിലുള്ള നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 

ആപ്പിളിന്റെ ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ എക്‌സ്, സാംസങ്ങിന്റെ ഗാലക്സി എസ് 8, ഗാലക്സി നോട്ട് 8 എന്നിവയുടെ പേരാണ് ഹര്‍ജിയില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുള്ളത്. ചിക്കാഗോ ട്രിബ്യൂണ്‍ നടത്തിയ അന്വേഷണത്തില്‍, ഐഫോണ്‍ 7 ല്‍ നിന്നുള്ള റേഡിയോ-ഫ്രീക്വന്‍സി റേഡിയേഷന്‍ തരംഗ പ്രസരണം നിയമപരമായ സുരക്ഷാ പരിധിയെക്കാള്‍ കൂടുതലാണെന്നും ആപ്പിള്‍ സ്വന്തം പരിശോധനയില്‍ നിന്ന് ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടിയാണെന്നും കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

' റേഡിയേഷന്‍  എക്‌സ്‌പോഷര്‍ സംബന്ധിച്ച് നിലവിലുള്ള  അന്തര്‍ദ്ദേശീയവും ദേശീയവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്ന സുരക്ഷാ പരിധിയിലും വളരെ താഴെ വരുന്ന റേഡിയേഷനും ജീവജാലങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ശാസ്ത്രജ്ഞരുടെ പിന്തുണയോടെ അടുത്തിടെ നടന്ന നിരവധി ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്,'-ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.'വര്‍ദ്ധിച്ച ക്യാന്‍സര്‍ സാധ്യത, ജനിതക നാശ നഷ്ടങ്ങള്‍, പ്രത്യുല്‍പാദന വ്യവസ്ഥയുടെ ഘടനാപരവും പ്രവര്‍ത്തനപരവുമായ മാറ്റങ്ങള്‍, പഠനക്ഷമതാ നാശം,  നാഡീവ്യൂഹ വൈകല്യങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു.

Author

Related Articles