ടെസ്ലയെ വാങ്ങാന്‍ കൂട്ടാക്കാത്ത ആപ്പിള്‍, ഓര്‍മ്മ പങ്കുവച്ച് ഇലോണ്‍ മസ്ക്; ടെസ്ലയുടെ വിജയക്കുതിപ്പ് ഇങ്ങനെ
2003ല്‍ 'ഇവിവണ്‍' വൈദ്യുത കാറുകളെ ഒന്നടങ്കം ജനറല്‍ മോട്ടോര്‍സ് തിരിച്ചുവിളിച്ച് നശിപ്പിക്കുന്ന കാലത്താണ് ടെസ്ല മോട്ടോര്‍സ് ലോകത്ത് പിറവികൊള്ളുന്നത്. പെര്‍ഫോര്‍മന്‍സ് കാര്‍ വിപണിയില്‍ ഇന്ധനക്ഷമതയുള്ള ബാറ്ററി കാറുകള്‍ പുതുവിപ്ലവം കുറിക്കുമെന്ന് കമ്പനി ദീര്‍ഘദൃഷ്ടിയില്‍ കണ്ടു.
2004 -ലാണ് ഇലോണ്‍ മസ്ക് ടെസ്ലയെക്കൊപ്പം ചേരുന്നത്. ഇദ്ദേഹത്തില്‍ നിന്നും 6.5 ദശലക്ഷം ഡോളര്‍ മൂലധനമായി ടെസ്ല സമാഹരിച്ചു. ഇതേവര്‍ഷം തന്നെ ടെസ്ലയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായും ഇലോണ്‍ മസ്ക് ഉയര്‍ന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇലോണ്‍ മസ്കിന്റെ നേതൃത്വത്തില്‍ അസൂയവഹമായ വളര്‍ച്ചയാണ് അമേരിക്കന്‍ കമ്പനിയായ ടെസ്ല കുറിച്ചിരിക്കുന്നത്.
എന്നാല്‍ ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ടെസ്ലയെ ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന് വില്ക്കാന് ഇലോണ്‍ മസ്ക് ആലോചിച്ചിരുന്നു. അന്ന് ആപ്പിള്‍ മേധാവിയായ ടിം കുക്ക് ഇദ്ദേഹവുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറായില്ല. വിപണിയില്‍ ആപ്പിള്‍ സ്വന്തം വൈദ്യുത കാര്‍ വികസിപ്പിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇലോണ്‍ മസ്ക് പഴയ ഓര്‍മ്മ പങ്കിട്ടത്. മോഡല്‍ 3 പ്രോഗ്രാമിന്റെ കാലത്താണ് ഇലോണ്‍ മസ്ക് ടിം കുക്കുമായി ബന്ധപ്പെടുന്നത്. 2017 കാലഘട്ടത്തിലായിരുന്നു ഈ സംഭവം. ഇക്കാലത്ത് ടെസ്ല കമ്പനി പാപ്പരത്വത്തിന്റെ വക്കോളം എത്തിയിരുന്നു. ഇപ്പോഴുള്ളതിന്റെ പത്തിലൊന്ന് മൂല്യം മാത്രമാണ് അന്ന് ടെസ്ലയ്ക്കുണ്ടായിരുന്നത്. അന്ന് ടിം കുക്ക് സമ്മതം മൂളിയിരുന്നെങ്കില്‍ 60 ബില്യണ്‍ ഡോളറിന് ടെസ്ലയെ ആപ്പിള്‍ വാങ്ങുമായിരുന്നു.
2014 മുതല്ക്കാണ് ആപ്പിള്‍ സ്വന്തം ഓട്ടോണമസ് കാറെന്ന ആശയത്തില്‍ മുറുക്കെപ്പിടിക്കുന്നത്. ടൈറ്റന് എന്ന പുതിയ പദ്ധതി കമ്പനി ഇതിനായി ആവിഷ്കരിച്ചു. എന്നാല്‍ കാര്യമായ പുരോഗമനമുണ്ടായില്ല. തുടര്‍ന്ന് 2016 -ല്‍ ടൈറ്റന് പദ്ധതിയില്‍ നിന്നും 190 ജീവനക്കാരെ കമ്പനി വിട്ടയച്ചു. ഇതേസമയം, ഓട്ടോണമസ് കാറെന്ന സ്വപ്നത്തില്‍ നിന്നും ആപ്പിള്‍ പിന്മാറിയില്ല. 2018 മാര്‍ച്ച് പിന്നിട്ടപ്പോഴേക്കും ഏകദേശം 45 ഓട്ടോണമസ് കാറുകളെയാണ് കമ്പനി നിരത്തില്‍ പരീക്ഷണാര്‍ത്ഥം ഇറക്കിയത്. 2019 -ന്റെ പകുതിയില്‍ ഓട്ടോണമസ് ഡ്രൈവിങ് ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ഡ്രൈവ് ഡോട്ട് എഐ എന്ന കമ്പനിയെ ആപ്പിള്‍ വാങ്ങുന്നതും ലോകം കണ്ടു. എന്തായാലും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ഓടെ സ്വന്തമായി വികസിപ്പിച്ച ബാറ്ററി ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ വിപണിയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. റിപ്പോര്‍ട്ടിന് പിന്നാലെ ആപ്പിള്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ 2.9 ശതമാനം കുതിക്കുന്നതിനും കമ്പോളം സാക്ഷിയായി.
ഓട്ടോണമസ് കാര്‍ പൂര്‍ത്തിയാകുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വിപണി മൂല്യം 59 ബില്യണ്‍ ഡോളറാണ് അധികം ഉയര്‍ന്നത്. ബിഎംഡബ്ല്യുവിന്റെ വിപണി മൂല്യത്തെക്കാളും കൂടുതലാണിത്. മറുഭാഗത്ത് ചൊവാഴ്ച്ച ടെസ്ലെ ഓഹരികള്‍ 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. വൈദ്യുത വാഹന വിപണിയില്‍ ആപ്പിള്‍ കടന്നുവരികയാണെങ്കില്‍ ടെസ്ലയ്ക്ക് വന്‍തിരിച്ചടിയാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍