ആളില്ലെങ്കില്‍ ആപ്പിളില്ല; ഐഫോണ്‍ 12 മിനി പിന്‍വലിച്ചേക്കും
ഡിസംബര്‍ പാദത്തില്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളെന്ന കിരീടം ആപ്പിള്‍ പിടിച്ചെടുത്തിരിക്കുകയാണ്. എന്നാല്‍ പുതിയ നേട്ടത്തിന് പിന്നാലെ നിരയില്‍ നിന്നും പുത്തനൊരു മോഡലിനെ പിന്‍വലിക്കാനുള്ള ആലോചനയിലാണ് കമ്പനി. വാങ്ങാന്‍ ആളില്ലാത്തതുകൊണ്ട് ഐഫോണ്‍ 12 മിനിയെ ആപ്പിള്‍ വൈകാതെ ഉപേക്ഷിച്ചേക്കും. ഈ വര്‍ഷം രണ്ടാം പാദം പുതുതലമുറ ഐഫോണ്‍ ശ്രേണിയുടെ കടന്നുവരവോടെയാകും ഐഫോണ്‍ 12 മിനി പിന്‍വാങ്ങുക. നിലവില്‍ ഐഫോണ്‍ 12 മിനിക്ക് ഡിമാന്‍ഡ് വളരെ കുറവാണെന്ന് കമ്പോളം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ജെപി മോര്ഗന് ചേസ് പറയുന്നു.
ഐഫോണ്‍ 12 മിനി പോകുമെങ്കിലും ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 11 മോഡലുകളുടെ ഉത്പാദനം ആപ്പിള്‍ തുടരും. നിലവില്‍ പുതുതലമുറ ഐഫോണ്‍ 13 മോഡലിന്റെ പണിപ്പുരയിലാണ് ആപ്പിള്‍. 80 മുതല്‍ 90 ദശലക്ഷം ഐഫോണ്‍ 13 യൂണിറ്റുകള്‍ വിപണിയിലെത്തിക്കാനായിരിക്കും കമ്പനി ലക്ഷ്യമിടുകയെന്ന് ജെപി മോര്ഗന് ചേസ് അറിയിച്ചു. കഴിഞ്ഞവര്‍ഷം രണ്ടാം പാദമെത്തിയ ഐഫോണ്‍ 12 മോഡലുകളില്‍ 76 ദശലക്ഷം യൂണിറ്റുകളുടെ ഉത്പാദനമാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. പുതിയ ഐഫോണ്‍ എസ്ഇ മോഡലുകള്‍ ആപ്പിള്‍ ഇനി പുറത്തിറക്കില്ലെന്ന പ്രവചനവും ജെപി മോര്ഗന് ചേസ് നടത്തുന്നു. നിലവില്‍ ലോകത്തെ ഏറ്റവും ചെറിയ, കനം കുറഞ്ഞ, ഭാരം കുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണാണ് ഐഫോണ്‍ 12 മിനി. ഐഫോണ്‍ 12 മോഡലിനെ അടക്കവും ഒതുക്കവുമുള്ള രൂപത്തിലാക്കാനുള്ള ആപ്പിളിന്റെ ശ്രമമാണിത്. സ്ക്രീന്‍ വലുപ്പത്തിന്റെ കാര്യത്തിലാണ് ഐഫോണ്‍ 12 ഉം ഐഫോണ്‍ 12 മിനിയും തമ്മിലെ പ്രധാന വ്യത്യാസം. മിനി പതിപ്പ് 5.4 ഇഞ്ച് സ്ക്രീന്‍ അവകാശപ്പെടുമ്പോള്‍ ഐഫോണ്‍ 12 -ന് 6.1 ഇഞ്ച് സ്ക്രീനാണ് ഭംഗിയേകുന്നത്.
ഡിസംബര്‍ പാദത്തില്‍ 90.1 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ യൂണിറ്റുകള്‍ വിപണിയിലെത്തിക്കാന്‍ ആപ്പിളിന് സാധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹുവാവെയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാകാന്‍ ആപ്പിളിന് കഴിഞ്ഞതും. ആപ്പിളിന്റെ വില്‍പ്പനയില്‍ ഐഫോണ്‍ 12 മോഡലുകള്‍ നിര്‍ണായകമായി. ഡിസംബറിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി 23.4 ശതമാനം മാര്‍ക്കറ്റ് വിഹിതമാണ് കമ്പനി ഇപ്പോള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ പാദത്തില്‍ 22.22 ശതമാനമായിരുന്നു ആപ്പിളിന്റെ മാര്‍ക്കറ്റ് വിഹിതം. ചൈനയിലുള്ള ആശ്രയത്വം കുറയ്ക്കുക ലക്ഷ്യമിട്ട് ഇന്ത്യയിലും വിയറ്റ്നാമിലും ഐഫോണ്‍, ഐപാഡ്, മാക് മോഡലുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനി നടപടി ആരംഭിച്ചിട്ടുണ്ട്. വൈകാതെ ഇന്ത്യയില്‍ നിന്നും ഐഫോണ്‍ 12 മോഡലുകള്‍ അസംബിള്‍ ചെയ്യപ്പെടുമെന്നും വിവരമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍