News

ബില്‍ ഹ്വാങ്സിന്റെ ആര്‍ച്ചിഗോസ് ഫണ്ടിന്റെ തകര്‍ച്ച ചരിത്രത്തിലെ തന്നെ വമ്പന്‍ പ്രത്യാഘാതം; ബാങ്കുകള്‍ പ്രതിസന്ധിയില്‍

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശതകോടീശ്വരന്‍ ബില്‍ ഹ്യൂവാങിന്റെ പേഴ്സനല്‍ ഹെഡ്ജ് ഫണ്ടിന്റെ തകര്‍ച്ച ചരിത്രത്തിലെ തന്നെ വമ്പന്‍ പ്രത്യാഘാതമാണ് ഓഹരി വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ബില്‍ ഹ്വാങ്സിന്റെ ആര്‍ച്ചിഗോ കാപ്പിറ്റല്‍ മാനേജ്മെന്റ് 20 ബില്യണ്‍ ഡോളറിന്റെ ആസ്തി വിറ്റൊഴിച്ചതോടെ ആര്‍ച്ചിഗോയ്ക്ക് വമ്പന്‍ ഫണ്ടുകള്‍ നല്‍കിവന്ന ക്രെഡിറ്റ് സ്വിസ് എന്ന സ്വിസ് ബാങ്കും നോമുറ എന്ന ജപ്പാന്‍ ബാങ്കും കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ആര്‍ച്ചിഗോയില്‍ വന്‍തുക നിക്ഷേപമുള്ള നോമുറ ബാങ്ക് തങ്ങള്‍ ഭീമമായ നഷ്ടം നേരിടുകയാണെന്ന് നിക്ഷേപകരെ അറിയിച്ചതിന് പിന്നാലെ നോമുറയുടെ ഓഹരികള്‍ക്ക് 16 ശതമാനം വരെ വിലയിടിഞ്ഞു.

ക്രെഡിറ്റ് സ്വിസ് തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്ക് വെളിപ്പെടുത്തിയില്ലെങ്കിലും അവരുടെ ഓഹരികള്‍ക്കും 14 ശതമാനം വിലയിടിഞ്ഞിട്ടുണ്ട്. ജപ്പാനിലെ ഏറ്റവും വലിയ നിക്ഷേപ ബാങ്കായ നോമുറ രണ്ട് ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിടുന്നതായാണ് അറിയിച്ചിരിക്കുന്നത്. ക്രെഡിറ്റ് സ്വിസ് തങ്ങളുടെ നഷ്ടം വളരെ വലുതാണെന്ന് മാത്രമെ പ്രതികരിച്ചുള്ളൂ. എന്നാല്‍ സ്വിസ് ബാങ്കിന്റെ നഷ്ടം നാല് ബില്യണ്‍ ഡോളറാണെന്ന് ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ക്രെഡിറ്റ് സ്വിസ് അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

നോമുറ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ വിവരങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിവരികയാണെന്ന് ജപ്പാന്റെ ചീഫ് ക്യാബിനറ്റ് സെക്രട്ടറി കത്സുനോബു കാറ്റോ പറഞ്ഞു. ബാങ്ക് ഓഫ് ജപ്പാനെ നോമുറ ബാങ്ക് സ്ഥിതിഗതികള്‍ ധരിപ്പിച്ചിട്ടുണ്ട്. സ്വിസ് ഫിനാന്‍ഷ്യല്‍ റെഗുലേറ്ററായ ഫിന്‍മയും ബാങ്കിനുണ്ടായ നഷ്ടം വിലയിരുത്തിവരികയാണ്. കൂടുതല്‍ ബാങ്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഫിന്‍മ മുന്നറിയിപ്പ് നല്‍കി. യുഎസ് മാധ്യമ ഭീമനായ വയാകോം സി ബി എസിന്റെ ഓഹരി വിലയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത തോതിലുള്ള ഇടിവാണ് ആര്‍ച്ചിഗോസിനെ ലിക്വിഡേഷനിലേക്കെത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് വിപണിയില്‍ തിങ്കളാഴ്ച ട്രേഡിംഗ് ആരംഭിച്ചപ്പോള്‍ ആര്‍ച്ചിഗോസുമായി ബന്ധപ്പെട്ട സ്റ്റോക്കുകള്‍ ട്രേഡര്‍മാര്‍ കൂട്ടത്തോടെ വിറ്റൊഴിച്ചു.

Author

Related Articles