News

ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഉപഭോക്തൃ താത്പര്യത്തിന് വിരുദ്ധമെന്ന് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: എല്ലാ ഇ-കൊമേഴ്‌സ് കമ്പനികളും രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പിയൂഷ് ഗോയല്‍. മസില്‍ പവറും മണി പവറും ഉപയോഗിച്ച് ഇന്ത്യക്കാരുടെ താത്പര്യങ്ങളെ ഹനിക്കരുതെന്നും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. ഇ-കൊമേഴ്‌സ് കമ്പനികളുടെ പല പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ താത്പര്യത്തിന് വിരുദ്ധമാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഇ-കൊമേഴ്‌സ് ഡ്രാഫ്റ്റ് റൂള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കടക്കം ബാധകമായിട്ടുള്ളതാണ്. ഈ നിയമം രാജ്യത്തെ ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിപണി വലുതാണ്. എല്ലാ കമ്പനികളെയും രാജ്യത്തേക്ക് ക്ഷണിക്കുന്നു. എന്നാല്‍ കമ്പനികള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണം. നിര്‍ഭാഗ്യവശാല്‍ പല കമ്പനികളും ഇത് പാലിക്കുന്നില്ല. പല കമ്പനികളോടും താന്‍ നേരിട്ട് സംസാരിച്ചു. അമേരിക്കന്‍ കമ്പനികള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. വിപണിയിലേക്ക് കൂടുതല്‍ പണം ഇറക്കാന്‍ സാധിക്കുന്ന വലിയ കമ്പനികളാണ് തങ്ങളെന്ന അഹന്തയാണ് അവര്‍ക്കെന്നും പിയൂഷ് ഗോയല്‍ വിമര്‍ശിച്ചു.

Author

Related Articles