News

ഭാരത്പേ സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവര്‍ രാജി വച്ചു

ന്യൂഡല്‍ഹി: ഭാരത്പേ സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവര്‍ കമ്പനി ബോര്‍ഡില്‍ നിന്നും രാജി വച്ചു. ഭാരത്പേയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന ഗ്രോവര്‍, ഫിന്‍ടെക് ബോര്‍ഡിന് അയച്ച ഇമെയിലില്‍, വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ അപമാനിക്കപ്പെട്ടു എന്ന് പറഞ്ഞു. കൊട്ടക് മഹീന്ദ്ര ബാങ്ക് ജീവനക്കാരനെ അധിക്ഷേപിച്ചതിന്റെ ഓഡിയോ ക്ലിപ്പ് ഓണ്‍ലൈനില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടന്ന രണ്ട് മാസത്തോളം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ശേഷമാണ് രാജി.

സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (എസ്ഐഎസി) കഴിഞ്ഞയാഴ്ച, കമ്പനിക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേണന്‍സ് അവലോകനത്തിനെതിരെ ഗ്രോവറിന്റെ അടിയന്തര അപേക്ഷ നിരസിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗ്രോവറിന്റെ രാജി. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് ഫിന്‍ടെക് കമ്പനിയായ ഭാരത് പേയുടെ സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അഷ്‌നീര്‍ ഗ്രോവറുടെ ഭാര്യ മാധുരി ജയിന്‍ ഗ്രോവറെ കമ്പനി തലപ്പത്ത് നിന്നും പുറത്താക്കിയിരുന്നു. കമ്പനിയുടെ എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ (ഇഎസ്ഒപി) സംബന്ധിച്ച ചുമതലകളില്‍ നിന്നും മാധുരിയെ ഒഴിവാക്കുകയും ചെയ്തു.

സൗന്ദര്യ ചികിത്സ നടത്തുന്നതിനും ഇലക്ട്രോണിക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും യുഎസ്, ദുബായ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും കമ്പനിയുടെ ഫണ്ട് ഉപയോഗിച്ചു എന്നാണ് മാധുരിക്ക് എതിരെയുള്ള ആരോപണം. മാത്രമല്ല കമ്പനി അക്കൗണ്ടുകളില്‍ നിന്നും പേഴ്‌സണല്‍ സ്റ്റാഫിന് പണം നല്‍കിയെന്നും അത് മറയ്ക്കാന്‍ പരിചയക്കാരില്‍ നിന്നും വ്യാജ ഇന്‍വോയിസ് സംഘടിപ്പിച്ച് ഹാജരാക്കിയെന്നും മാധുരിക്കെതിരെ ആരോപണമുണ്ട്.

Author

Related Articles