News

കൊറോണ വൈറസിനെ ചെറുക്കാന്‍ എഡിബിയും; പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് 1480 കോടി രൂപ; പദ്ധതി വാണിജ്യ ബാങ്കുകളുടെ സഹകരണത്തോടെ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) 200 മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് 1480 കോടി രൂപ) നല്‍കുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. കൊറോണയെ പ്രതിരോധിക്കാന്‍ ആവിശ്യമായ ഉല്‍പ്പന്നങ്ങളും മരുന്ന് ഉള്‍പ്പെടെയുള്ളവ വിതരണം ചെയുകയും ചെയുന്ന കമ്പനികള്‍ക്കാണ് സഹായവാഗ്ദാനം നല്‍കിയിരിക്കുന്നത്.

എ.ഡി.ബിയുടെ സപ്ലൈ ചെയിന്‍ ഫിനാന്‍സ് പ്രോഗ്രാം വഴി തിരഞ്ഞെടുത്ത കമ്പനികള്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഫണ്ട് ലഭ്യമാക്കുമെന്ന് മനില ആസ്ഥാനമായ മള്‍ട്ടിലാറ്ററല്‍ ഫണ്ടിംഗ് ഏജന്‍സി പറഞ്ഞു. കോവിഡ് 19 നെത്തുടര്‍ന്ന് ഉല്‍പാദനവും വിതരണവും വര്‍ദ്ധിക്കുന്നതിനാല്‍ മരുന്നുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനികള്‍ കൂടുതല്‍ ബുദ്ധിമുട്ടിയിരുന്നു.

വാണിജ്യ ബാങ്കുകളുടെ സഹകരണത്തോടെയാണ് എഡിബി ഏഷ്യയിലും പസഫിക്കിലുമുള്ള  ഇത്തരം കമ്പനികള്‍ക്ക് ചെലവുകള്‍ക്ക് വേണ്ടുന്ന ഈ അധിക മൂലധനം നല്‍കുന്നത്. വൈറസിനെതിരെ പോരാടുന്നതിന് നിര്‍ണായകമായ വിതരണ ശൃംഖലയിലെ കമ്പനികളെയാണ് പിന്തുണയ്ക്കല്‍ ലക്ഷ്യമിടുന്നതെന്ന് എ.ഡി.ബി ട്രേഡ് ആന്‍ഡ് സപ്ലൈ ചെയിന്‍ ഫിനാന്‍സ് ഹെഡ് സ്റ്റീവന്‍ ബെക്ക് പറഞ്ഞു. ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിനാല്‍ വിതരണക്കാരുമായി ഇടപഴകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രേഡ് ഫിനാന്‍സില്‍ കോവിഡ് 19 ന്റെ സ്വാധീനം എഡിബി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അധിക പിന്തുണ ആവശ്യമുണ്ടോ എന്ന് വിലയിരുത്തുന്നതിന് ക്ലയന്റ് ബാങ്കുകളുമായി പതിവായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഫെബ്രുവരി 7 ന് ചൈനയിലും ഗ്രേറ്റര്‍ മെകോംഗ് ഉപമേഖലയിലും കോവിഡ് 19 ന്റെ കണ്ടെത്തല്‍, പ്രതിരോധം, പ്രതികരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് എഡിബി 2 മില്യണ്‍ യുഎസ് ഡോളര്‍ സഹായം നല്‍കിയിരുന്നു.

വൈറസ് ബാധ വ്യാപിച്ച സാഹചര്യത്തില്‍  ഫെബ്രുവരി 26 ന് വീണ്ടും 2 മില്ല്യണ്‍ യുഎസ് ഡോളര്‍ നല്‍കിയിരുന്നു. അവശ്യ മരുന്നുകളുടെയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും തുടര്‍ച്ചയായ വിതരണത്തെ പിന്തുണയ്ക്കുന്നതിനായി വുഹാന്‍ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍ ജോയിന്റൗണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് കോ ലിമിറ്റഡിന് 18.6 മില്യണ്‍ യുഎസ് ഡോളര്‍ വായ്പയും നല്‍കി.

Author

Related Articles