News

ആസ്റ്ററിന് മൂന്നാംപാദത്തില്‍ 155 കോടിയുടെ അറ്റാദായം

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ 155 കോടിരൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ നൂറ് കോടി രൂപയേക്കാള്‍ 54% വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം എട്ട് ശതമാനം വര്‍ധനവോടെ 2150 കോടിരൂപയില്‍ നിന്ന് 2322 കോടിരൂപയായി ഉയര്‍ന്നു. ഓഹരി ഒന്നിന് 210 രൂപയ്ക്ക് 57.42 ലക്ഷം ഓഹരികള്‍ മടക്കി വാങ്ങാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതായി  കമ്പനി സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. കമ്പനിയുടെ വളര്‍ച്ച ആഗ്രഹങ്ങളും ഓഹരിയുടമകള്‍ക്ക് പതിവായി റിട്ടേണും ലഭ്യമാക്കാനുള്ള ശ്രമം സന്തുലിതമായി കൊണ്ടുപോകുന്നതിന്റെ ഭാഗമാണ് ഈ ഓഹരി മടക്കി വാങ്ങലെന്ന് അദേഹം വ്യക്തമാക്കി. ഗുണമേന്മയും കാര്യക്ഷമമായ ആരോഗ്യപരിപാലന സേവനത്തിലൂടെ കമ്പനി മെച്ചപ്പെട്ട വളര്‍ച്ചയിലേക്ക് നീങ്ങുകയാണ്. മൂന്നാംപാദ ഫലം കമ്പനിയെ സംബന്ധിച്ചിടത്തോളം മികച്ചതാണെന്നും ആസാദ് മൂപ്പന്‍ പറഞ്ഞു. നടപ്പ് വര്‍ഷം ഒമ്പത് മാസക്കാലത്ത് കമ്പനി 6437 കോടിരൂപ വരുമാനം നേടിയിട്ടുണ്ട്.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 5762 കോടിരൂപയായിരുന്നു. ഈ കാലയളവിലെ അറ്റാദായം 61% വര്‍ധനവോടെ 124 കോടി രൂപയില്‍ നിന്ന് 200 കോടി രൂപയായി ഉയര്‍ന്നു. മൂന്നാംപാദത്തില്‍ ആശുപത്രികളില്‍ നിന്നുള്ള വരുമാനം 16% വര്‍ധനവോടെ 1218 കോടിരൂപയും ക്ലിനിക്കുകളില്‍ നിന്നുള്ള വരുമാനം 538 കോടിരൂപയില്‍ നിന്ന് 543 കോടി രൂപയായും ഫാര്‍മസിയില്‍ നിന്നുള്ള വരുമാനം 602 കോടിരൂപയായും വര്‍ധിച്ചു. ഇന്ത്യയിലെ ഏറ്റവം വലിയ 500 കമ്പനികളുടെ 2019ലെ ഫോര്‍ച്യൂണ്‍ പട്ടികയില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ 187ാം സ്ഥാനത്താണ്. ഇന്ത്യ അടക്കം എട്ട് രാജ്യങ്ങളിലായി കമ്പനിക്ക് 25 ആശുപത്രികളും 116 ക്ലിനിക്കുകളും 236 ഫാര്‍മസികളുമുണ്ട്.

Author

Related Articles