News

അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന: 2022 ജൂണ്‍ 30 വരെ തൊഴിലില്ലായ്മ വേതനം ലഭിക്കും

ന്യൂഡല്‍ഹി: ഇഎസ്‌ഐസി പദ്ധതികള്‍ക്ക് കീഴിലുള്ള അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജനക്ക് 2022 ജൂണ്‍ 30 വരെ സാമ്പത്തിക സഹായം ലഭിക്കും. പദ്ധതിയുടെ ഭാഗമായി വിവിധ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുന്നുണ്ട്. ഇതിന്റെ സമയപരിധി ജൂണ്‍ 30 വരെ ആയിരുന്നെങ്കിലും 2021 ജൂലൈ ഒന്നു മുതല്‍ 2022 ജൂണ്‍ 30 വരെ വീണ്ടും നീട്ടി നല്‍കുകയായിരുന്നു.

പദ്ധതി പ്രകാരം തൊഴില്‍ നഷ്ടപ്പെട്ട് മൂന്ന് മാസത്തേക്ക് 50 ശതമാനം വേതനത്തിന് തുല്യമായ തുക തൊഴിലില്ലായ്മ അലവന്‍സ് ആയി നല്‍കും. കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടാല്‍ രണ്ടു വര്‍ഷം വരെ ധനസഹായം ലഭിക്കും. ഏതെങ്കിലും കാരണത്താല്‍ ജോലി നഷ്ടപ്പെട്ട ഇഎസ്‌ഐ പദ്ധതിക്ക് കീഴില്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട വ്യക്തികള്‍ക്ക് ധനസഹായം നല്‍കും. ഇതിനുള്ള അപേക്ഷ തൊഴില്‍ ഉടമയുടെ സഹായമില്ലാതെ തന്നെ വ്യക്തികള്‍ക്ക് നേരിട്ട് ഇഎസ്‌ഐ ഓഫീസുകളില്‍ സമര്‍പ്പിക്കാം. തുക അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് പദ്ധതി സഹായകരമായി. കൊവിഡ് കാലത്ത് ഇതുവരെ 50,000 ല്‍ അധികം ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സിനു കീഴില്‍ ഉള്ള തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഒരു പദ്ധതിയാണിത്. തൊഴില്‍ ഇല്ലായ്മ നേരിടുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിയ്ക്കുന്ന സ്‌കീമിനു കീഴില്‍ കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും തൊഴില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കും പദ്ധതിയ്ക്ക് കീഴില്‍ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. 21,000 രൂപയില്‍ കുറഞ്ഞ മാസവരുമാനം ഉള്ളവര്‍ക്കാണ് സഹായം. ഇഎസ്‌ഐ പദ്ധതിയ്ക്ക് കീഴില്‍ 3.49 കോടി കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിയ്ക്കുന്നത്.

പദ്ധതിയ്ക്ക് കീഴില്‍ എളുപ്പത്തില്‍ ധനസഹായത്തിനായുള്ള ക്ലെയിം സമര്‍പ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതിന് പ്രത്യേക സത്യവാങ്മൂലംഒന്നും സമര്‍പ്പിയ്‌ക്കേണ്ടതില്ല . ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളുടെ കോപ്പികളുമായി ഓണ്‍ലൈനായി ക്ലെയിം സമര്‍പ്പിയ്ക്കാം. ംംം.ലശെര.ശി എന്ന പോര്‍ട്ടല്‍ വഴി തൊഴിലാളികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിയ്ക്കാം. നേരത്തെ ഇത് തൊഴില്‍ ദാതാവ് മുഖേന ആയിരുന്നു. ആവശ്യമുള്ള രേഖകളുമായി ഇഎഎസ്‌ഐ ഓഫീസുകളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിയ്ക്കാന്‍ ആകും.

ഇഎസ്‌ഐ അംഗങ്ങള്‍ക്ക് ഒട്ടേറെ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചാല്‍ ദിവസവേതനത്തിന്റെ 30 ശതമാനം ആശ്രിതര്‍ക്ക് ലഭിക്കും. കൊവിഡ് മുക്തി നേടി 30 ദിവസത്തിനുള്ളിലാണ് മരണമെങ്കിലും സഹായം ലഭിക്കും. മരണം സ്ഥിരീകരിക്കുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും ഇഎസ്‌ഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സഹായം ലഭ്യമാണ്. 70 ദിവസത്തെ വിഹിതം അടച്ചിട്ടുള്ളവര്‍ക്ക് സഹായം ലഭിക്കും. ഇതു കൂടാതെ ശവസംസ്‌കാര ശുശ്രൂഷക്കായി 15,000 രൂപ ധനസഹായം ലഭിക്കും. കൊവിഡ് പോസിറ്റീവ് ആയ തൊഴിലാളിയുടെ രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നല്‍കാം. ഇഎസ്‌ഐ ബ്രാഞ്ച് മാനേജര്‍ക്കാണ് ഇത്തരം കേസുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Author

Related Articles