News

4 ലക്ഷത്തിലേറെ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് 1625 കോടി രൂപയുടെ മൂലധന സഹായം നല്‍കും

ന്യൂഡല്‍ഹി: രാജ്യത്തെ വനിതാ സ്വയം സഹായ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. വ്യാഴാഴ്ച നടക്കുന്ന 'ആത്മനിര്‍ഭരത് നാരിശക്തി സംവാദ'ത്തിലാണ് ദീനദയാല്‍ അന്ത്യോദയ യോജന-നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ്സ് മിഷന് (ഡി എ വൈ -എന്‍ ആര്‍ എല്‍ എം) കീഴിലുള്ള വനിതാ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങള്‍,കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍സ് എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി സംവദിക്കുക. കാര്‍ഷിക ഉപജീവന മാര്‍ഗ്ഗങ്ങള്‍ സാര്‍വത്രികവല്‍ക്കരിക്കുന്നതിനെക്കുറിച്ചുള്ള കൈപ്പുസ്തകവും രാജ്യത്തുടനീളമുള്ള വനിതാ എസ്എച്ച്ജി (സ്വയംസഹായ സംഘം) അംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും മോദി ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 
നാല് ലക്ഷത്തിലേറെ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് 1625 കോടി രൂപയുടെ മൂലധന സഹായവും പ്രധാനമന്ത്രി പുറത്തിറക്കും. അതിനുപുറമേ, പ്രാരംഭ മൂലധനമായി ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ (പിഎം മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റര്‍പ്രൈസസ് ) പദ്ധതിയുടെ കീഴില്‍ 7500 സ്വാശ്രയ അംഗങ്ങള്‍ക്ക് 25 കോടി രൂപ നല്‍കും. ലൈവ്ലിഹുഡ്സ് മിഷന് കീഴില്‍ 75 കര്‍ഷക ഉത്പാദക സംഘടനകള്‍ക്ക് 4.13 കോടി രൂപയും വിതരണം ചെയ്യും.

കേന്ദ്ര ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിഗിരിരാജ് സിംഗ്; കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി പശുപതി കുമാര്‍ പാരസ്; സംസ്ഥാന-ഗ്രാമീണ വികസന മന്ത്രിമാര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി, ഫഗ്ഗന്‍ സിംഗ് കുലസ്തെ, പഞ്ചായത്ത് രാജ് സഹമന്ത്രി , കപില്‍ മോരേശ്വര്‍ പാട്ടീല്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

ഡി എ വൈ -എന്‍ ആര്‍ എല്‍ എം ലക്ഷ്യമിടുന്നത് ഗ്രാമീണ പാവപ്പെട്ട കുടുംബങ്ങളെ സ്വയംസഹായ ഗ്രൂപ്പുകളിലേക്ക് ഘട്ടം ഘട്ടമായി അണിനിരത്തുകയും അവരുടെ ഉപജീവനമാര്‍ഗം വൈവിധ്യവത്കരിക്കാനും അവരുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്താനും ദീര്‍ഘകാല പിന്തുണ നല്‍കുകയും ചെയ്യുക എന്നതാണ്. ഓരോ ഗ്രാമീണ ദരിദ്ര കുടുംബത്തില്‍ നിന്നും ഒരു വനിതയെ സ്വയം സഹായ സംഘങ്ങളില്‍ (എസ്എച്ച്ജി) അംഗമാക്കുന്നു. തുടര്‍ന്ന് വിവിധ പരിശീലനങ്ങള്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, മൈക്രോ-ലൈവ്‌ലിഹുഡ് പദ്ധതികളുടെ സുഗമമായ നടത്തിപ്പ്, സ്വന്തം സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും സാമ്പത്തിക വിഭവങ്ങളുടെ പ്രാപ്യത എന്നിവയിലൂടെ അവരുടെ ഉപജീവന പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹായിക്കുന്നു.

Author

Related Articles