News

എടിഎഫ് വിലയില്‍ വര്‍ധന; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

ജെറ്റ് ഇന്ധനയില്‍ വീണ്ടും വര്‍ധന. ഇന്ന് വില 2 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ദ്ധനവാണിത്. ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വിലയെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം പ്രകാരം വിമാന ഇന്ധനമായ എടിഎഫിന്  ദേശീയ തലസ്ഥാനത്ത് ഒരു കിലോ ലിറ്ററിന് 2,258.54 രൂപ അഥവാ 2 ശതമാനം വര്‍ധിച്ച് 1,12,924.83 രൂപയായി. അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ വെള്ളിയാഴ്ച മാറ്റമുണ്ടായില്ല. 11 ദിവസത്തിനുള്ളില്‍ വാഹന ഇന്ധന നിരക്ക് ലിറ്ററിന് 6.40 രൂപ വര്‍ദ്ധിച്ചു.

മാര്‍ച്ച് 16 ന് പ്രാബല്യത്തില്‍ വന്ന 18.3 ശതമാനത്തിന്റെ (കിലോലിന് 17,135.63 രൂപ) കുത്തനെയുള്ള വര്‍ധനയുടെ പശ്ചാത്തലത്തിലാണ് എടിഎഫ് വിലയിലെ നിലവിലെ വര്‍ധനവ്. കഴിഞ്ഞ രണ്ടാഴ്ചയിലെ ബെഞ്ച്മാര്‍ക്ക് ഇന്ധനത്തിന്റെ ശരാശരി അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ജെറ്റ് ഇന്ധന വില പരിഷ്‌കരിക്കുന്നു.

ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്ന ജെറ്റ് ഇന്ധനം ഈ വര്‍ഷം പുതിയ ഉയരങ്ങളിലെത്തി. 2022-ന്റെ തുടക്കം മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എടിഎഫ് വിലകള്‍ വര്‍ധിച്ചു. ജനുവരി 1 മുതല്‍ ആരംഭിച്ച ഏഴ് വര്‍ദ്ധനകളില്‍, എടിഎഫ് വിലകളില്‍ 38,902.92 രൂപ അല്ലെങ്കില്‍ ഏതാണ്ട് 50 ശതമാനം വര്‍ധിച്ചു.

Author

Related Articles