News

വിപ്രോയുടെ സ്ഥാപകന്‍ ജീവകാരുണ്യത്തിനായി വിറ്റത് 7300 കോടിയുടെ ഓഹരികള്‍; വില്‍പന നടത്തിയത് 3.96 ശതമാനം ; അസിം പ്രേംജിക്കും കുടുംബത്തിനും ആകെയുള്ളത് 73.83 ശതമാനം ഓഹരി

ബെംഗളുരു: ഐടി രംഗത്ത് വിപ്ലവം സൃഷ്ടിച്ച വിപ്രോയുടെ അമരക്കാരന്‍ അസിം പ്രേംജി പടിയിറങ്ങി ആഴ്ച്ചകള്‍ പിന്നിടുമ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായും അദ്ദേഹം ഓഹരികള്‍ വിറ്റുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. 7300 കോടി രൂപയുടെ ഓഹരികളാണ് അദ്ദേഹം വിറ്റത്. വിപ്രോയുടെ സ്ഥാപക ചെയര്‍മാനും പ്രമോട്ടറുമാണ് അദ്ദേഹം. വിപ്രോയില്‍ അദ്ദേഹത്തിനുള്ള ഓഹരികള്‍ തന്നെയാണ് വിറ്റത്. ഇതില്‍ നിന്നും 224.6 മില്യണ്‍ മൂല്യം വരുന്ന 3.96 ശതമാനം ഓഹരികളാണ് അദ്ദേഹം വിറ്റത്.

ഇവ വിറ്റഴിച്ചത് കമ്പനിയുടെ ബൈ ബാക്ക് പദ്ധതി വഴിയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിപ്രോ ഓഹരിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനത്തില്‍ 67 ശതമാനവും(1.45 ലക്ഷം കോടി രൂപ) കഴിഞ്ഞ മാര്‍ച്ചില്‍ അസിം പ്രേംജി ഫൗണ്ടേഷന് അദ്ദേഹം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവല്‍ക്കരിച്ചതാണ്. അസിം പ്രേംജിക്കും കുടുംബത്തിനും മറ്റുമായി 73.83 ശതമാനം ഓഹരികളാണ് വിപ്രോയിലുള്ളത്. 

നീണ്ട 53 വര്‍ഷം വിപ്രോയുടെ അമരക്കാരനായി നിറഞ്ഞു നിന്ന ശേഷമാണ് അസിം പ്രേംജി പടിയിറങ്ങിയത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിനിടയിലും ശതകോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ ജീവിതം എന്നത് ലാളിത്യത്തിന്റെ പര്യായമാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍. ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞതു പോലെ ഹൈലി പ്രഫഷണല്‍ ആന്‍ഡ് ഹമ്പിള്‍ മാന്‍ തന്നെയാണ് അദ്ദേഹം. അച്ഛന്‍ മരണപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് എത്തുന്നത്.

യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന് വലിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വന്നു. അരനൂറ്റാണ്ടു കൊണ്ട് അതിവിപുലമായ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ കഴിഞ്ഞു. സോപ്പു മുതല്‍ സോഫ്‌റ്റ്വെയര്‍ വരെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ വിപ്രോ കടന്നെത്തിയിരിക്കുന്നു. നേട്ടത്തെപ്പറ്റി അദ്ദേഹം പറയുന്നത്: ''ഞാന്‍ വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്തതല്ല വിപ്രോ. പിന്നെയോ, എന്റെ സഹപ്രവര്‍ത്തകരുടെയും ജോലിക്കാരുടെയും പ്രയത്നഫലത്താലാണ്.''

അദ്ദേഹത്തിന്റെ ജീവിതശൈലി ശ്രദ്ധേയമാണ്. അസിം പ്രേംജിക്ക് ഉറങ്ങാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വേണമെന്നു ധരിക്കുന്നവര്‍ക്കു തെറ്റി. നല്ല ആഹാരവും പരിചരണവും കിട്ടുന്ന ഏതു ഹോട്ടലിലും അദ്ദേഹം താമസിക്കും. പണം ധാരാളമുള്ളതുകൊണ്ടു ഹോട്ടല്‍ ബില്‍ നോക്കാതെ പണം നല്‍കുന്ന ശീലവും അദ്ദേഹത്തിനില്ല. ബില്ല് കിട്ടിയാല്‍ വിപ്രോയിലെ ജൂനിയര്‍ എന്‍ജിനീയര്‍മാര്‍ പോലും ചെയ്യാത്ത കാര്യം അദ്ദേഹം ചെയ്യും. ഓരോന്നും കണക്കുകൂട്ടി ശരിയാണോയെന്നു നോക്കും. ഇവിടെ വില കൂടുതലാണെന്നു പറയാനും അധികം താമസമുണ്ടാകില്ല. ടിവി ക്യാമറകള്‍ക്കു മുന്നില്‍ ഇത്രയും നാണമുള്ള ചെയര്‍മാന്‍ ഉണ്ടാകില്ലെന്നാണു ചാനലുകള്‍ പറയുന്നത്.

Author

Related Articles