News

കള്ളപ്പണം പിടിച്ചില്ല എന്നാല്‍ ഡിജിറ്റല്‍ ഇക്കണോമിയോ? നോട്ട് നിരോധിച്ചതിന് പറഞ്ഞ ഒരു കാരണങ്ങളും തെളിയിക്കാനാകാതെ മോദി സര്‍ക്കാര്‍;പുതിയ റിപ്പോര്‍ട്ട്

നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ച് മൂന്ന് വര്‍ഷം പിന്നിടുകയാണ്. നോട്ട് നിരോധനത്തിന് കള്ളപ്പണ നിയന്ത്രണവും,ഡിജിറ്റല്‍ ഇടപാടുകളുടെ വ്യാപനവുമൊക്കെയായിരുന്നു സര്‍ക്കാര്‍ കാരണമായി അവകാശപ്പെട്ടിരുന്നത്. കള്ളപ്പണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാന്‍ സാധിച്ചില്ലെന്നത് നമുക്ക് മാറ്റിവെക്കാം.എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വളര്‍ച്ചയും ഇന്ത്യയ്ക്ക് അവകാശപ്പെടാനില്ലെന്നതാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏറ്റവും അധികം പണമിടപാട് നടക്കുന്ന റിയല്‍ എസ്്‌റേറ്റ് മേഖലയില്‍ അടക്കം 66% കറന്‍സി ഉപയോഗം തന്നെ തുടരുന്നുവെന്നാണ് പുതിയ സര്‍വേഫലം. ഇന്ത്യക്കാരുടെ ഒരു വര്‍ഷത്തെ ഉപഭോഗം പരിശോധിച്ചാല്‍ ഇതിന്റെ ഗണ്യമായ പങ്കും കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചാണെന്നും വ്യക്തമാകുന്നു.  കഴിഞ്ഞ മാര്‍ച്ച് മുതലുള്ള ഇടപാടുകള്‍ പരിശോധിച്ചാല്‍ 21 ലക്ഷം കോടിയുടെ വര്‍ധനവാണ് കറന്‍സി ക്രയവിക്രയത്തില്‍ സംഭവിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ തന്നെ അറിയിച്ചിരുന്നു.2016-17ല്‍ വെറും 13 ലക്ഷം കോടിയായിരുന്നു ഇത്. പിന്നെ എന്താണ് നോട്ട്‌നിരോധനം കൊണ്ട് കേന്ദ്രസര്‍ക്കാരിന് അവകാശപ്പെടാനാകുന്നത്

ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം മൂന്ന് വര്‍ഷം തികയുമ്പോള്‍ രാജ്യത്ത് നോട്ടുകളുടെ ഇടപാടുകള്‍ എത്രത്തോളം കുറഞ്ഞിട്ടുണ്ട്? ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചുവരുമ്പോഴും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും നോട്ടുകളുടെ ഇടപാടുകള്‍ ഗണ്യമായി തുടരുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഏറ്റവും വലിയ പണമിടപാടുകള്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 66 ശതമാനം ഇടപാടുകളിലും നോട്ടുകള്‍ ഉപയോഗിച്ചാണെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇടപാടുകള്‍ നടത്തിയവര്‍ക്കിടയില്‍ സംഘടിപ്പിച്ച ഒരു സര്‍വേയില്‍ 33 ശതമാനം പേര്‍ മാത്രമാണ് നോട്ടുകള്‍ ഉപയോഗിക്കാതെ ഇടപാടുകള്‍ നടത്തിയതായി വെളിപ്പെടുത്തിയത്. 33 % ആളുകള്‍ മുഴുവന്‍ തുകയും ചെക്കായോ ഇലക്ട്രോണിക് പേമെന്റ് മാര്‍ഗങ്ങള്‍ വഴിയോ ഇടപാട് നടത്തിയപ്പോള്‍ 66 ശതമാനം പേരും വസ്തുവകകള്‍ വാങ്ങാന്‍ നടത്തിയ ഇടപാടില്‍ നോട്ടുകളും ഉള്‍പ്പെടുന്നുവെന്നാണ് വെളിപ്പെടുത്തിയത്. മൂന്നിലൊന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും  പത്ത് ശതമാനം മുതല്‍ 50 ശതമാനം വരെ ക്യാഷ് ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് സര്‍വേഫലം ചൂണ്ടികാട്ടുന്നത്.

ഇന്ത്യക്കാരുടെ ഒരു വര്‍ഷത്തെ ഉപഭോഗത്തില്‍ ഗണ്യമായ പങ്കും നോട്ടുകള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. സര്‍വേയില്‍ പങ്കെടുത്ത 40 % പേരും മൊത്തം സാധനങ്ങള്‍ വാങ്ങുന്നതില്‍ അഞ്ച് ശതമാനം മുതല്‍ 25 ശതമാനം വരെ കാഷ് ആണ് ഉപയോഗിക്കുന്നത്. 29 ശതമാനം പേരുടെ കാഷ് ഉപയോഗം 25 ശതമാനത്തിനും 50 ശതമാനത്തി നും ഇടയിലാണ്. 27 ശതമാനം ഏതാണ്ട് പൂര്‍ണമായും നോട്ടുകള്‍ നല്‍കിയാണ് സാധനങ്ങള്‍ വാങ്ങുന്നത്.കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യം അവകാശപ്പെട്ടു. പക്ഷെ ആ അവകാശവാദം പൊളിഞ്ഞതോടെ കറന്‍ സിയുടെ ഉപയോഗം കുറച്ച് ഡിജിറ്റല്‍ ഇകോണമി സ്ഥാപിക്കുക എന്ന പുതിയ പദ്ധതിയാണ് പിന്നീട് അവതരിപ്പിച്ചിരുന്നത്. പക്ഷേ ആ ലക്ഷ്യവ്യും പൂര്‍ണമായും പാളിയെന്ന് വീണ്ടും വ്യക്്തമായിരിക്കുകയാണ്. നോട്ട്‌നിരോധനമെന്ന വൃഥാവ്യായാമം പിന്നെന്തിനായിരുന്നുവെന്ന് ചോദ്യമാണ് ആളുകള്‍ ഇപ്പോഴും ഉയര്‍ത്തുന്നത്.

ഡിജിറ്റല്‍ ഇകോണമി എന്നത് കേവലം സങ്കല്‍പ്പം മാത്രമാണെന്ന് തെളിയിച്ചുകൊണ്ടാണ് നോട്ടുകളുടെ ഉപയോഗം ഇപ്പോഴും ഗണ്യമായി തുടരുന്നത്. സര്‍വേയില്‍ പങ്കെടുത്ത മിക്കവരും നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നാണ് പറയുന്നത്.സാധാരണക്കാരുടെ ദൈനംദിന ജീവിതം അവതാളത്തിലാക്കുകയും ബിസിനസ് സമൂഹത്തിന് തിരിച്ചടിയാകുകയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുകൊണ്ടുപോകുകയും ചെയ്ത നോട്ട് നിരോധനം എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.

 

Author

Related Articles