News

കോവിഡ് വാക്സിനെടുത്താല്‍ വായ്പ ഫീസ് ഇല്ല; പ്രോത്സാഹനവുമായി ബഹ്റൈനിലെ അല്‍ സലാം ബാങ്ക്

ബഹ്റൈന്‍: ഉപഭോക്താക്കളെ കോവിഡ്-19നെതിരെ വാക്സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിച്ച് ബഹ്റൈനിലെ അല്‍ സലാം ബാങ്ക്. വാക്സിനെടുത്ത ഉപഭോക്താക്കളുടെ വായ്പ ഫീസ് റദ്ദ് ചെയ്യാനാണ് ബാങ്കിന്റെ തീരുമാനം. വ്യക്തിഗത വായ്പകള്‍ക്കും ഭവന വായ്പകള്‍ക്കും മസയ സാമൂഹ്യ പാര്‍പ്പിട പദ്ധതിക്ക് കീഴിലുള്ള വായ്പകള്‍ക്കും ഉള്‍പ്പടെ ഫീസുകള്‍ ഈടാക്കാതെയാണ് ബാങ്ക് വായ്പ സേവനങ്ങള്‍ നല്‍കുന്നത്.

ഈ ഓഫര്‍ സ്വന്തമാക്കുന്നതിനായി ഉപഭോക്താക്കള്‍ വാക്സിനെടുത്തു എന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ വാക്സിന്‍ സ്റ്റാറ്റസ് സ്ഥിരീകരിക്കുന്ന ബിഅവയര്‍ ആപ്ലിക്കേഷനോ ബാങ്കില്‍ കാണിക്കണം. ബഹ്റൈനിലെ യോഗ്യതയുള്ള എല്ലാ ആളുകളെയും കോവിഡ്-19നെതിരെ വാക്സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ഉദ്യമം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അല്‍ സലാം ബാങ്കിന്റെ റീറ്റെയ്ല്‍ ബാങ്കിംഗ് മേധാവി മുഹമ്മദ് ബുഹിജി പറഞ്ഞു. നിലവിലെ സാഹചര്യങ്ങളില്‍ പൊതുസമൂഹത്തോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയും പിന്തുണയും വ്യക്തമാക്കുന്നതാണ് വാക്സിന്‍ എടുത്ത എല്ലാ ഉപഭോക്താക്കള്‍ക്കും ധനകാര്യ സേവനങ്ങള്‍ക്കുമുള്ള ഫീസ് റദ്ദാക്കാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

ഡിസ്‌കൗണ്ട് നിരക്കിലുള്ള ഡ്രൈവിംഗ് പഠനം, സൗജന്യമായി കാപ്പി, സൗജന്യ ടാക്സി സേവനം തുടങ്ങി വാക്സിന്‍ എടുക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഉദ്യമങ്ങള്‍ അടുത്തിടെയായി ഗള്‍ഫില്‍ വ്യാപകമായി അവതരിപ്പിക്കപ്പെട്ടിരുന്നു. വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ്-19യില്‍ രോഗമുക്തി നേടിയവര്‍ക്കും ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ സീസണിനായുള്ള ടിക്കറ്റുകള്‍ വാങ്ങാമെന്ന് ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിക്സ് കഴിഞ്ഞിടെ പ്രഖ്യാപിച്ചിരുന്നു.

Author

Related Articles