News

2 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല; കരട് പുറത്തിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: 2 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഈ മാസം 19 വരെ അഭിപ്രായങ്ങളറിയിക്കാം. ഒരുവര്‍ഷത്തിനകം നിയമം നടപ്പാക്കാനാണു നീക്കം. 2 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനോ കഴിയില്ല. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റമോ ഇന്‍ക്രിമെന്റോ ലഭിക്കില്ല.

നിയമം നടപ്പായ ശേഷം രണ്ടിലധികം കുട്ടികളുണ്ടാകുന്നവര്‍ സര്‍ക്കാരിന്റെ എല്ലാ ക്ഷേമപദ്ധതികളില്‍ നിന്നും ഒഴിവാക്കപ്പെടും. വന്ധ്യംകരണത്തിനു വിധേയരാകുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളുണ്ടാകും. ഒറ്റക്കുട്ടി മാത്രമാണെങ്കില്‍ 20 വയസ്സുവരെ ഇന്‍ഷുറന്‍സ്, സൗജന്യ ചികിത്സ, ജോലിയില്‍ മുന്‍ഗണന, സ്‌കോളര്‍ഷിപ്, പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ പ്രവേശന മുന്‍ഗണന എന്നിവയുണ്ടാകും.

കുടുംബത്തിന് വൈദ്യുതി, വെള്ളക്കരം, വീട്ടുനികുതി എന്നിവയില്‍ ഇളവുണ്ടാകും. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ് ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു കുട്ടിയാണെങ്കില്‍ 4 ഇന്‍ക്രിമെന്റുകളും ഭാര്യയ്ക്ക് സൗജന്യ ചികിത്സയും ലഭിക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഒരു കുഞ്ഞ് മാത്രമാണെങ്കില്‍ ആണ്‍കുട്ടിക്ക് 80,000 രൂപയും പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ നല്‍കും. എല്ലാവര്‍ക്കും സാമൂഹികനീതി ഉറപ്പാക്കുന്നതിനാണു നിയമമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം, മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണു ബില്ലെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ലക്ഷദ്വീപില്‍ സമാനമായ ചില വ്യവസ്ഥകളുള്ള കരടു നിയമം പ്രഖ്യാപിച്ചതു വിവാദമായിരുന്നു.

Author

Related Articles