News

നിക്ഷേപ ഇന്‍ഷുറന്‍സ്: നേട്ടം കൈവരിച്ച് ഇന്ത്യ

'കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം ഒരു ലക്ഷം നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ തിരിച്ചുകിട്ടി. ഇത് ഏകദേശം 1,300 കോടി രൂപയോളം വരും'- ഞായറാഴ്ച ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന യോഗത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്ത വാചകങ്ങളാണിത്. ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കുന്ന 'ഡിപ്പോസിറ്റര്‍ ഫസ്റ്റ്: ഗ്യാരണ്ടീഡ് ടൈം ബൗണ്ട് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പേമെന്റ് അഞ്ച് ലക്ഷം രൂപ' എന്ന പദ്ധതിയെ പറ്റിയായിരുന്നു മോദിയുടെ പ്രതികരണം.

ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് തുക അഞ്ചു ലക്ഷം രൂപയായി വര്‍ധിപ്പിച്ചതിനും ക്ലെയിമുകള്‍ പരിഹരിക്കുന്നതിനുള്ള സമയം 90 ദിവസമായി കുറച്ചതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. അഞ്ചു ലക്ഷം രൂപവരെയുള്ള ബാങ്ക് നിക്ഷേപങ്ങള്‍ക്കാകും പദ്ധതിയുടെ ആനുകൂലം ലഭിക്കുക. കൂടാതെ നിക്ഷേപ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ 90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി പരിഹരിക്കാനും പദ്ധതി നിഷ്‌കര്‍ഷിക്കുന്നുണ്ട്. മൂലധനത്തിനൊപ്പം അഞ്ചു ലക്ഷം രൂപവരെയുള്ള പലിശയ്ക്കും പദ്ധതിയുടെ സംരക്ഷണം ബാങ്കുകള്‍ നല്‍കുന്നുണ്ട്.

ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്, നിക്ഷേപകര്‍ ബാങ്കുകളുടെ ആരോഗ്യത്തിന് നിര്‍ണായകമാണ്. ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ബാങ്കുകളെയും ഉപഭോക്താക്കളെയും സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ നിക്ഷേപകനും അഞ്ചു ലക്ഷം രൂപയുടെ നിക്ഷേപ ഇന്‍ഷുറന്‍സ് കവറേജ് ഉള്ളതിനാല്‍, മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ പൂര്‍ണ്ണ പരിരക്ഷിത അക്കൗണ്ടുകളുടെ എണ്ണം മൊത്തം അക്കൗണ്ടുകളുടെ 98.1 ശതമാനം ആയിരുന്നു. രാജ്യാന്തരതലത്തില്‍ ഈ നിരക്ക് 80 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ ഇന്‍ഷുറന്‍സ് പരിധി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി 76 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഇപ്പോള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഈ നേട്ടം, വികസിത രാജ്യങ്ങള്‍ പോലും നേടിയിട്ടില്ലെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. വര്‍ഷങ്ങളായി കുടുങ്ങിക്കിടക്കുന്ന 1300 കോടി രൂപ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷത്തിലധികം നിക്ഷേപകര്‍ക്ക് തിരികെ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മൂന്നു ലക്ഷത്തിലധികം നിക്ഷേപകര്‍ക്ക് ഈ ക്ലെയിമുകള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Author

Related Articles