News

ഈ മാസം 11 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; അറിയാം

കൊച്ചി: പതിവ് അവധികള്‍ക്ക് പിന്നാലെ വിജയദശമി ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങള്‍ എത്തുന്നതിനാല്‍ ഈ മാസം 11 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പതിവ് ശനി, ഞായര്‍ അവധി ദിനങ്ങള്‍ ഉള്‍പ്പെടെയാണിത്. കേരളത്തില്‍ ഒക്ടോബര്‍ രണ്ട് ശനിയാഴ്ച ബാങ്ക് അവധിയായിരിക്കും. ഗാന്ധിജയന്തി മൂലമാണിത്. ഒക്ടോബര്‍ 14 വ്യാഴാഴ്ച മഹാനവമി, ഒക്‌ബോര്‍ 15 വെള്ളിയാഴ്ച വിജയദശമി ദിനങ്ങളിലും ബാങ്കുകള്‍ അടഞ്ഞ് തന്നെ കിടക്കും. ഒക്ടോബര്‍ 19 നബി ദിനവും ബാങ്കുകള്‍ക്ക് അവധിയാണ്. പൂജവെപ്പിനെ തുടര്‍ന്ന് അടുപ്പിച്ച് രണ്ടു പ്രവര്‍ത്തന ദിനങ്ങളില്‍ ബാങ്കിങ് ഇടപാടുകള്‍ തടസപ്പെടും എന്നതിനാല്‍ അത്യാവശ്യമുള്ള ഇടപാടുകള്‍ നേരത്തെ നടത്താം.

സംസ്ഥാനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബാങ്കുകളുടെ പൊതു അവധി ദിനങ്ങള്‍. ചില തീയതികളിളിലെ പ്രത്യേക അവധി ദിനങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാകില്ല. ഒക്ടോബര്‍ 12 മുതല്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ പൂജവെപ്പിന്റെ അവധി തുടങ്ങുമെങ്കിലും ഇത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ല. അഗര്‍ത്തല,കൊല്‍ക്കത്ത ഭാഗങ്ങളിലാണ് അവധി. ഒക്ടോബര്‍ 13ന് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ അഗര്‍ത്തല, ഭുവനേശ്വര്‍, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്‌ന, റാഞ്ചി എന്നീ ഇടങ്ങളിലാണ് അവധി.

ഈ മാസം മുതല്‍ ബാങ്കിങ് രംഗത്ത് ചില മാറ്റങ്ങളുമുണ്ട് .രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പൊതുമേഖലാ ബാങ്കുകളുടെ ലയനം പൂര്‍ത്തിയായതോടെ ചില ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡുകള്‍, ചെക്ക് ബുക്കുകള്‍ എന്നിവയില്‍ മാറ്റമുണ്ട്..പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രഖ്യാപിച്ചതനുസരിച്ച് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളില്‍ മാറ്റമുണ്ട്. അലഹബാദ് ബാങ്ക് ചെക്ക് ബുക്ക്, ഐഎഫ്എസ്‌സി കോഡ് എന്നിവയും മാറും.

പുതിയ ഐഎഫ്എസ്‌സി കോഡ്, എംഐസിആര്‍ കോഡുകള്‍ എന്നിവയും ഇടപാടുകാര്‍ അറിഞ്ഞിരിക്കണം. ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ എടിഎം,പിഎന്‍ബി വണ്‍ ആപ്പ് എന്നിവയിലൂടെയും പുതിയ ചെക്ക്ബുക്കിന് അപേക്ഷ നല്‍കാം. അലഹബാദ് ബാങ്കിന്റെ സേവനങ്ങള്‍ക്കായി 1800-180-2222 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം .ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സംവിധാനങ്ങളിലൂടെയോ ബാങ്ക് ശാഖ സന്ദര്‍ശിച്ചോ ചെക്ക് ബുക്കിന് അപേക്ഷ നല്‍കാം. അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കില്‍ ലയിച്ചതിനാലാണ് നിലവിലെ ചെക്ക് ബുക്കുകള്‍ മാറുന്നത്.

Author

Related Articles