News

ബാങ്ക് ഓഫ് മഹാരാഷ്ട്ര കേരളത്തില്‍ വേരുറപ്പിക്കുന്നു; ഒരു വര്‍ഷത്തിനുള്ളില്‍ ശാഖകള്‍ ഇരട്ടിപ്പിക്കും

കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. നിലവില്‍ 10 ശാഖകളാണുള്ളത്. ഒരു വര്‍ഷത്തിനകം ഇരട്ടിയാക്കും. രണ്ടു വര്‍ഷത്തിനകം 25 ബ്രാഞ്ചുകളും മേഖലാ ഓഫിസും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് എംഡിയും സിഇഒയുമായ മലയാളി എ.എസ്.രാജീവ് അറിയിച്ചു. കോട്ടയം ആര്‍പ്പൂക്കര ഏറത്ത് കുടുംബാംഗമായ രാജീവ് മഹാരാഷ്ട്രയിലെ എസ്എല്‍ബിസി ലീഡ് ബാങ്ക് ആയ ബിഒഎമ്മിന്റെ തലപ്പത്ത് എത്തിയ ശേഷം വന്‍ വളര്‍ച്ചയാണ് ബാങ്കിനുണ്ടായത്. ആകെ ബിസിനസ് 2.62 ലക്ഷം കോടിയായി വര്‍ധിച്ചു. വായ്പകള്‍ 1.04 ലക്ഷം കോടിയിലെത്തി. ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 20% മഹാരാഷ്ട്രയില്‍ നിന്നു വരുന്നതിനാല്‍ 20 ലക്ഷം കോടി വായ്പ സംസ്ഥാനത്താകെ വിവിധ ബാങ്കുകള്‍ക്കായുണ്ട്. പലപ്പോഴായി ബാങ്കിനു നഷ്ടപ്പെട്ട ഇടപാടുകാരെ തിരികെ കൊണ്ടു വരാന്‍ ഘര്‍ വാപസി പദ്ധതിയും നടപ്പാക്കുന്നു.

ഓരോ ത്രൈമാസത്തിലും സ്വര്‍ണപ്പണയ വായ്പ 1000 കോടി വീതം വര്‍ധിക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനം ആകുമ്പോഴേക്കും സ്വര്‍ണവായ്പ 3000 കോടിയിലെത്തും. കുറഞ്ഞ പലിശ നിരക്കായ 7.35% മാത്രം ഈടാക്കുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം. പണയത്തിന്മേല്‍ 20 ലക്ഷം വരെ സ്വര്‍ണവായ്പ കൊടുക്കും. നിഷ്‌ക്രിയ ആസ്തി ഏറ്റവും കുറഞ്ഞ ബാങ്കുകളിലൊന്നാണ് ബിഒഎം. സ്വകാര്യ കോര്‍പറേറ്റ് മേഖലയിലെ വായ്പകള്‍ കുറച്ചുനിര്‍ത്തിയതാണു പ്രധാന കാരണം. നിലവില്‍ റീട്ടെയില്‍ വായ്പകള്‍ 60%, കോര്‍പറേറ്റ് വായ്പകള്‍ 40% എന്ന അനുപാതം 55%45% ആക്കാന്‍ പോകുകയാണെന്ന് എംഡി അറിയിച്ചു.

പക്ഷേ കോര്‍പറേറ്റ് വായ്പകളില്‍ 5% വര്‍ധന വരുത്തുന്നത് പൊതുമേഖലയ്ക്കും സംസ്ഥാന സര്‍ക്കാര്‍ ഗാരന്റിയുള്ള പദ്ധതികള്‍ക്കും വായ്പ കൊടുത്തുകൊണ്ടായിരിക്കും.   കേരളത്തില്‍ ആഴ്ചകള്‍ക്കകം ഗുരുവായൂരിലും തൊടുപുഴയിലും കഴക്കൂട്ടത്തും ബ്രാ?ഞ്ചുകള്‍ തുറക്കും. ഈ വര്‍ഷം തന്നെ ഇന്ത്യയിലാകെ 150 ബ്രാഞ്ചുകള്‍ തുറക്കന്നതിന്റെ ഭാഗമായാണു കേരളത്തിലും 10 എണ്ണം സ്ഥാപിക്കുന്നത്. നിലവില്‍ ബാങ്കിന് കേരളത്തിലെ ആകെ ബിസിനസ് 1000 കോടിയില്‍ താഴെയാണ്. 2022  ആവുമ്പോഴേക്കും 5000 കോടിയിലെത്തിക്കുകയാണു ലക്ഷ്യമെന്നും എംഡി രാജീവ് അറിയിച്ചു. കോവിഡ് നേരിടാനുള്ള വിവിധ പദ്ധതികള്‍ക്കായി 925 കോടി നീക്കിവച്ചിട്ടുണ്ട്. ഓഗസ്റ്റ് വരെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരെ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കുകയുമില്ല. ഇക്കൊല്ലം രണ്ടാം പാദത്തില്‍ അറ്റാദായം 13.4% വര്‍ധനയോടെ 135 കോടിയിലെത്തി. കോവിഡിനിടയിലും ഇക്കൊല്ലം 12% വളര്‍ച്ച നേടുമെന്നാണു പ്രതീക്ഷ.

Author

Related Articles