News

ഐഎസ്എആര്‍സിയുടെ 4 ശതമാനം ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ബാങ്ക് ഓഫ് മഹാരാഷ്ട്ര

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇന്ത്യയിലെ എസ്എംഇ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ (ഐഎസ്എആര്‍സി) നാല് ശതമാനം ഓഹരികള്‍ ഏകദേശം 4 കോടി രൂപയ്ക്ക് വിറ്റഴിക്കുമെന്ന് അറിയിച്ചു. ബാങ്കിന്റെ നാല് ശതമാനം ഓഹരി (40,00,000 ഓഹരികള്‍) ഒരു ഓഹരിക്ക് 9.80 രൂപ കണക്കില്‍ 3.92 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്.

ഓഹരി വില്‍പ്പന ആര്‍ബിഐയുടെ അനുമതിക്ക് വിധേയമാണ്. ഈ വര്‍ഷം ഡിസംബറോടെ ഇടപാട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഐഎസ്എആര്‍സിയുടെ മൊത്തം വരുമാനം 2021 മാര്‍ച്ചില്‍ 11.09 കോടി രൂപയായിരുന്നു. അറ്റാദായം 0.36 കോടിയായിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ 8.39 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. 2019 ല്‍ 9.21 കോടി രൂപയും.

ഐഎസ്എആര്‍സി രാജ്യത്തെ ആദ്യത്തെ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. പൊതുമേഖല ബാങ്കുകളും, സ്ഥാപനങ്ങളും പിന്തുണയ്ക്കുന്ന കമ്പനി എംഎസ്എംഇ മേഖലയിലെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സിഡ്ബി, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, സിഡ്ബി വെഞ്ച്വര്‍ കാപിറ്റല്‍ എന്നിവരാണ് ഐഎസ്എആര്‍സിയുടെ സ്പോണ്‍സര്‍മാര്‍. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസത്തെ 18.75 രൂപയേക്കാള്‍ ഉയര്‍ന്ന് 18.80 രൂപയിലാണ് ഇന്ന് ബിഎസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

Author

Related Articles