News

ബാങ്കുകളുടെ ഉടമസ്ഥാവകാശം കോര്‍പ്പറേറ്റുകളുടെ കൈയിലെത്തുന്നത് നല്ലതല്ലെന്ന് രജനീഷ് കുമാര്‍

ന്യൂഡല്‍ഹി: ബാങ്കുകളുടെ ഉടമസ്ഥാവകാശം കൈയാളാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കുന്നത് നല്ല പ്രവണതയല്ലെന്ന് എസ്ബിഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍. തന്നെ സംബന്ധിച്ചിടത്തോളം ഇത് ആശാസ്യകരമായ പ്രവണതയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് നടത്തിയ വെബിനാറില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം നടന്ന റിസര്‍വ് ബാങ്കിന്റെ ഇന്‍േറണല്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ വലിയ കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ പ്രൊമോട്ടര്‍ക്കും ബാങ്കുകളുടെ ഉടമസ്ഥാവകാശം കൈമാറാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനായി 1949ലെ ബാങ്കിങ് റെഗുലേഷന്‍സ് ആക്ടില്‍ മാറ്റം വരുത്തണം.

കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ ഊര്‍ജ മേഖലയെ കുറിച്ചും രജനീഷ് കുമാര്‍ പ്രസ്താവന നടത്തി. വൈദ്യുതിയുടെ ട്രാന്‍സ്മിഷന്‍ രംഗത്ത് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തമുണ്ടെങ്കിലും ഡിസ്ട്രിബ്യൂഷന്‍ രംഗം പൂര്‍ണമായും പൊതുമേഖലയുടെ കുത്തകയാണ്. വൈദ്യുതി മോഷണവും സബ്‌സിഡിയും മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Author

Related Articles