News

ബാങ്കുകളില്‍ നിക്ഷേപം ഉയരുന്നു; മൊത്തം നിക്ഷേപം 150 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപമായി എത്തുന്ന പണത്തിന്റെ അളവ് ഉയരുന്നു. ഓരോ അഞ്ച് വര്‍ഷത്തെയും കണക്കുകള്‍ പരിശോധിച്ചാല്‍ 50 ലക്ഷം കോടി രൂപ വീതമാണ് ഉയര്‍ന്നിട്ടുള്ളത്. ഏറ്റവും ഒടുവില്‍ ഇത് സംബന്ധിച്ച കണക്ക് വന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ്. 150 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെ ബാങ്കുകളില്‍ ഉണ്ടെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. 2011 ഫെബ്രുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയിലെ ബാങ്കുകളില്‍ 50 ലക്ഷം കോടി രൂപയാണ് നിക്ഷേപമായി ഉണ്ടായിരുന്നത്. 2016ല്‍ ഇത് 100 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇപ്പോള്‍ 150 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.

കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയിലെ ബാങ്കുകളില്‍ 151.13 ലക്ഷം കോടി രൂപയാണുള്ളത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 11.3 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ബാങ്ക് നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. നിക്ഷേപത്തിലും വായ്പാ വിതരണത്തിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്ന് പിന്‍വലിച്ച പണം നിക്ഷേപകര്‍ ബാങ്കിലിടുകയാണ് ചെയ്തത്. വിപണിയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ അത്തരം നിക്ഷേപങ്ങള്‍ക്ക് ജനങ്ങള്‍ മടിക്കുന്നു എന്ന സൂചനയും ഇത് നല്‍കുന്നു. അടുത്ത കാലത്തായി പലിശ നിരക്കില്‍ വര്‍ധവവുണ്ടായിട്ടില്ല. എന്നിട്ടും ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപമെത്തി. ഇത് വിപണിയിലെ അസ്ഥിരത കാരണമാണ് എന്നും വിലയിരുത്തപ്പെടുന്നു.

സ്വകാര്യ ബാങ്കുകള്‍ അവരുടെ നിക്ഷേപത്തെ കുറിച്ച് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം എച്ച്ഡിഎഫ്സി ബാങ്കുകളില്‍ 13.35 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഫെഡറല്‍ ബാങ്കിലുള്ള നിക്ഷേപം 1.72 ലക്ഷം കോടിയാണ്. ഇന്‍ഡസ് ലാന്റ് ബാങ്കില്‍ 2.56 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. മിക്ക ബാങ്കുകളിലും നിക്ഷേപം വര്‍ധിക്കുകയാണ് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Author

Related Articles