News

രാജ്യത്തെ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 5 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ 4.92 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തു. 2021 മാര്‍ച്ച് 31 ലെ കണക്കാണിത്. ബാങ്കുകളുടെ ആകെ വായ്പാ ശേഷിയുടെ 4.5 ശതമാനം വരുമിത്. വിവരാവകാശ നിയമ പ്രകാരം റിസര്‍വ് ബാങ്കില്‍ നിന്ന് സൗരഭ് പന്ഥാരെയാണ് ഈ കണക്കുകള്‍ ശേഖരിച്ചത്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി 90 സ്ഥാപനങ്ങള്‍ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട 45,613 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. ഏറ്റവും കൂടുതല്‍ വായ്പാ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 78072 കോടി രൂപയുടേതാണ് തട്ടിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 39733 കോടി രൂപയുടെ തട്ടിപ്പും ബാങ്ക് ഓഫ് ഇന്ത്യ 32,224 കോടി രൂപയുടെ തട്ടിപ്പും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 29,572 കോടി രൂപയുടെ തട്ടിപ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പട്ടികയിലെ ആദ്യ അഞ്ച് ബാങ്കുകളില്‍ നിന്ന് മാത്രം 42.1 ശതമാനത്തിന്റെ തട്ടിപ്പ് നടന്നു. 206941 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സ്വകാര്യ ബാങ്കുകളില്‍ വായ്പാ തട്ടിപ്പ് ഏറെയും നടന്നത് ഐസിഐസിഐ ബാങ്കിലാണ്, 5.3 ശതമാനം. 4.02 ശതമാനം യെസ് ബാങ്കിലും 2.54 ശതമാനം ആക്‌സിസ് ബാങ്കിലുമാണ്. ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 0.55 ശതമാനമാണ്.

Author

Related Articles