News

ബിസിനസുകള്‍ക്ക് കൂടുതല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് കെവി കാമത്ത്

ബിസിനസുകള്‍ക്ക് കൂടുതല്‍ സുഗമമായി വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന ബാങ്കറും ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് മുന്‍ മേധാവിയുമായ കെ.വി കാമത്ത്. നിഷ്‌ക്രിയ ആസ്തിയോടുള്ള അമിത ഭയം ബാങ്കുകള്‍ അകറ്റേണ്ടതുണ്ടെന്നും അദ്ദേഹം ഇക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ബിസിനസുകള്‍ക്ക് വായ്പ നല്‍കുന്നതില്‍ 'റിസ്‌ക്'  പരിധി വിട്ടു പ്രാധാന്യമുള്ള ഘടകമായി മാറുന്നത് ബാങ്കിംഗ് വ്യവസായം മാറ്റിവയ്ക്കണം.'ന്യായമായ എന്‍പിഎ ഉള്ളതും എന്നാല്‍ വളരുന്നതുമായ ഒരു ബാങ്ക് നിലനില്‍ക്കും. അതേ സമയം, തുല്യ എന്‍പിഎ ഉള്ള മറ്റൊരു ബാങ്കിന്റെ മൂലധനമാകട്ടെ വളര്‍ച്ചയില്ലാത്ത പക്ഷം അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ തുടച്ചുനീക്കപ്പെടും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ തളര്‍ച്ച പല സാമ്പത്തിക വിദഗ്ധരും റേറ്റിംഗ് ഏജന്‍സികളും പ്രതീക്ഷിക്കുന്നത്ര വലുതായിരിക്കില്ല.നിലവിലെ സാഹചര്യത്തില്‍ റേറ്റിംഗിലെ തരംതാഴ്ത്തല്‍ ഭീഷണികളെ നയനിര്‍മ്മാതാക്കള്‍ ഗൗനിക്കേണ്ട കാര്യവുമില്ല.അന്താരാഷ്ട്ര ഏജന്‍സികളുടെ ഇത്തരം കണക്കുകള്‍ ഗണിതശാസ്ത്ര മോഡലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അടുത്ത മഹാമാരിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ വളരെ പ്രയാസമാണെന്നും കാമത്ത് അഭിപ്രായപ്പെട്ടു.

കോവിഡ് -19 പ്രതിസന്ധിയെ തുടര്‍ന്നുള്ള തിരിച്ചു വരവ് കഠിനമാകില്ലെന്നും 13 വര്‍ഷം ഐസിഐസിഐ ബാങ്ക് സിഇഒ യും നാലു വര്‍ഷത്തോളം ഇന്‍ഫോസിസ് ചെയര്‍മാനുമായിരുന്നു കാമത്ത് വ്യക്തമാക്കി.'തിരിച്ചുവരവ് അത്ര ബുദ്ധിമുട്ടുള്ളതായിരിക്കില്ലെന്ന് എനിക്ക് തോന്നുന്നു. നമ്മളില്‍ മിക്കവരും വിചാരിച്ചതിലും വേഗത്തിലാണ് സമ്പദ് വ്യവസ്ഥ തിരിച്ചു വരുന്നത്.'

ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കം സാമ്പത്തിക, ബിസിനസ് മേഖലകളിലേക്ക്  വ്യാപിച്ചുകഴിഞ്ഞു.കഴിഞ്ഞ ദശകത്തില്‍  ഇന്ത്യ എല്ലാ രംഗത്തും വളരെയധികം ശേഷി നേടിയിട്ടുള്ളതിനാല്‍ ഇവിടത്തെ ബിസിനസുകള്‍ തദ്ദേശീയമാകണം.ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഉല്‍പാദനം സമഗ്രമായി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വലുപ്പവും ക്ഷമതയും സ്വന്തമാക്കിയിട്ടുണ്ടെന്നും കാമത്ത് പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തില്‍ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍, കഴിയുന്നത്ര പ്രാദേശിക ഉറവിടങ്ങള്‍ വികസിപ്പിക്കാനുള്ള സമയമാണിത്. സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള പ്രവര്‍ത്തനം പരമാവധിയുണ്ടാകണം. ഇതിന് ഓരോ വ്യവസായവും സ്വയം സജ്ജമാകണം.

Author

Related Articles