News

ബാര്‍ബിക്യൂ നേഷന്‍ ഐപിഒയിലൂടെ ധനം സമാഹരിക്കാനൊരുങ്ങുന്നു

കാഷ്വല്‍ ഡൈനിംഗ് ശൃംഖലയായ ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റിക്ക് പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ 1,000-1,200 കോടി രൂപ സമാഹരിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചു. സെബിയില്‍ സമര്‍പ്പിച്ച അനുമതി അപേക്ഷ പ്രകാരം 275 കോടി രൂപയുടെ പുതിയ ഓഹരികളിറക്കാനും 98,22,947 വരെ ഓഹരി വില്‍ക്കാനുമുള്ള ഓഫറുകള്‍ ഐപിഒയില്‍ ഉള്‍പ്പെടുന്നു.150 കോടി രൂപയുടെ പ്രീ-ഐപിഒ പ്ലേസ്മെന്റ് പരിഗണനയിലുണ്ട്.

ഇഷ്യുവിന്റെ വരുമാനം ഭാഗികമായോ പൂര്‍ണ്ണമായോ പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായോ 205 കോടി രൂപയുടെ കുടിശ്ശിക തിരിച്ചടയ്ക്കാനോ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. സയാജി ഹോട്ടല്‍സ്, സയാജി ഹൗസ് കീപ്പിംഗ് സര്‍വീസസ്, ഖയൂം ധനാനി, റാവൂഫ് ധനാനി, സുചിത്ര ധനാനി എന്നിവരാണ് ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റിയുടെ പ്രമോട്ടര്‍മാര്‍. സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിഎക്സ് പാര്‍ട്‌ണേഴ്‌സിന്റെ നിക്ഷേപവുമുണ്ട്. പ്രമോട്ടര്‍മാര്‍ക്ക് 60. 24 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. സിഎക്സിന് 33.79 ശതമാനവും.പ്രശസ്ത സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ സ്ഥാപനമായ ആല്‍ക്കെമി ക്യാപിറ്റലിന് 2.05 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

വിപണി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ഐപിഒ വലുപ്പം ഏകദേശം 1,000 കോടി മുതല്‍ 1,200 കോടി വരെയായിരിക്കും.ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റല്‍, അമ്പിറ്റ് ക്യാപിറ്റല്‍, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നിവയാണ് ഇഷ്യൂ കൈകാര്യം ചെയ്യുന്നത്.

Author

Related Articles