News

ഇന്ത്യയുടെ വളര്‍ച്ച നിഗമനം വെട്ടിക്കുറച്ച് ബാര്‍ക്ലെയ്‌സ്; 9.2 ശതമാനമായി കുറച്ചു

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം ബാര്‍ക്ലെയ്‌സ് 9.2 ശതമാനമായി കുറച്ചു. മുന്‍ നിഗമന പ്രകാരം 10 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ തടസം സൃഷ്ടിച്ചതാണ് നിഗമനം വെട്ടിക്കുറയ്ക്കാന്‍ കാരണം. രണ്ടാം തരംഗം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള നിഗമനത്തില്‍ 11 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊറോണ വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ഇടിവില്‍ നിന്നുള്ള വീണ്ടെടുപ്പിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം ഇരട്ടയക്ക വളര്‍ച്ച സ്വന്തമാക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുമെന്നായിരുന്നു ഒട്ടുമിക്ക റേറ്റിംഗ് ഏജന്‍സികളും ആദ്യം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ രണ്ടാം തരംഗത്തിന്റെ വലിയ വ്യാപനത്തിന്റെ ഫലമായി ഇപ്പോള്‍ മിക്ക ഏജന്‍സികളും വളര്‍ച്ചാ നിഗമനം താഴ്ത്തിയിരിക്കുകയാണ്.   

'ലോക്ക്ഡൗണുകള്‍ 2021 ജൂണ്‍ അവസാനം വരെ മാത്രമേ നിലനില്‍ക്കൂ എന്ന് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഇത് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 74 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, നിരന്തരമായ വിതരണ പരിമിതികളും ലോജിസ്റ്റിക് വെല്ലുവിളികളും ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയെ സാരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Author

Related Articles