News

126 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബാറ്റയ്ക്ക് ഇന്ത്യാക്കാരനായ ആഗോള സിഇഒ, സന്ദീപ് കതാരിയ

ബാറ്റയുടെ 126 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ആഗോള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി. നിലവില്‍ ബാറ്റ ഇന്ത്യയുടെ സിഇഒ ആയിരിക്കുന്ന സന്ദീപ് കതാരിയയെയാണ് ഇപ്പോള്‍ പാദരക്ഷാ ഭീമനായ ബാറ്റ ആഗോള സിഇഒ തലത്തിലേയ്ക്ക് ഉയര്‍ത്തിയിരിക്കുന്നത്. അലക്സിസ് നാസാര്‍ഡിന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അലക്സിസ് നാസാര്‍ഡ് സ്ഥാനമൊഴിയുന്നത്.

ഈ പുതിയ പദവി സ്വീകരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ബാറ്റയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബാറ്റയുടെ വിജയവും 125 വര്‍ഷത്തെ ചരിത്രവും ആഗോളതലത്തില്‍ വീണ്ടും ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2020 വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമാണെങ്കിലും ബാറ്റയുടെ ജനപ്രീതി ആത്മവിശ്വാസം നല്‍കുന്നതാണെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഐഐടി ഡല്‍ഹി, എക്‌സ്എല്‍ആര്‍ഐ-ജംഷദ്പൂര്‍ എന്നിവിടങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് 49 കാരിയായ കതാരിയ. 1993 ല്‍ എക്‌സ് എല്‍ ആര്‍ ഐയിലെ പിജിഡിബിഎം ബാച്ചില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായിരുന്നു. ഇന്ത്യയിലെയും യൂറോപ്പിലെയും യൂണിലിവര്‍, യം ബ്രാന്‍ഡ്‌സ്, വോഡഫോണ്‍ എന്നിവിടങ്ങളില്‍ 24 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുണ്ട് കതാരിയയ്ക്ക്. 2017ലാണ് അദ്ദേഹം ബാറ്റ ഇന്ത്യയില്‍ സിഇഒ ആയി ചേരുന്നത്.

സന്ദീപിന്റെ അര്‍ഹമായ സ്ഥാനക്കയറ്റത്തെ അഭിനന്ദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യയില്‍ ബാറ്റയുടെ വരുമാനം, ലാഭം എന്നിവയില്‍ അസാധാരണമായ വളര്‍ച്ച കൈവരിച്ചതായും സന്ദീപിന്റെ അനുഭവ സമ്പത്തില്‍ നിന്ന് വളരെയധികം പ്രയോജനം നേടാന്‍ ബാറ്റ ഇന്ത്യയ്ക്ക് സാധിച്ചതായും കതാരിയയുടെ നിയമനത്തെക്കുറിച്ച് സംസാരിച്ച ബാറ്റാ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ അശ്വനി വിന്‍ഡ്ലാസ് പറഞ്ഞു.

1894 ല്‍ സ്ഥാപിതമായ ബാറ്റ ലോകത്തെ ഏറ്റവും മികച്ച ഷൂ നിര്‍മ്മാതാക്കളില്‍ ഒന്നാണ്. താങ്ങാവുന്ന വിലയ്ക്ക് മികച്ച പാദരക്ഷകളാണ് ബാറ്റയുടെ പ്രത്യേകത. പ്രതിവര്‍ഷം 180 മില്യണിലധികം ജോഡി ഷൂകള്‍ വില്‍ക്കുന്ന കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ്സാണ് ബാറ്റ. സ്വന്തമായി 5,800 റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുകയും അഞ്ച് ഭൂഖണ്ഡങ്ങളിലായി 22 ബാറ്റയുടെ ഉടമസ്ഥതയിലുള്ള ഉല്‍പാദന കേന്ദ്രങ്ങളില്‍ പ്രാദേശികമായി പാദരക്ഷകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. 70 ലധികം രാജ്യങ്ങളില്‍ ബാറ്റ പ്രവര്‍ത്തിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാദരക്ഷാ ഉല്‍പാദകനും ഉപഭോക്താവുമാണ് ഇന്ത്യ. 2 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഈ മേഖല തൊഴിലും നല്‍കുന്നുണ്ട്. പാദരക്ഷാ വ്യവസായത്തിന്റെ നിലവിലെ വിപണി 2019 ല്‍ 10.6 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് 2024 ഓടെ 15.5 ബില്യണ്‍ ഡോളറായി വളരുമെന്ന് ഇന്‍വെസ്റ്റ് ഇന്ത്യ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ല്‍ 262 മില്യണ്‍ ജോഡി ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. 1.8 ശതമാനം ലോകവിഹിതമുള്ള പാദരക്ഷകളുടെ ആറാമത്തെ വലിയ കയറ്റുമതി രാജ്യമാണ് ഇന്ത്യ.

Author

Related Articles