News

ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ബിബ അപ്പാരല്‍സ്

ലേഡീസ് എത്നിക് വെയര്‍ ഫാഷന്‍ ബ്രാന്‍ഡായ ബിബ അപ്പാരല്‍സ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചു. വാര്‍ബര്‍ഗ് പിന്‍കസ്, ഫെയറിംഗ് ക്യാപിറ്റല്‍ എന്നിവയുടെ പിന്തുണയുള്ള ബിബ അപ്പാരല്‍സ്, പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഐപിഒയില്‍ ഭൂരിഭാഗവും സെക്കന്‍ഡറി ഓഹരി വില്‍പ്പനയായിരിക്കുമെന്നാണ് സൂചന. 1400 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്ലും പുതിയ ഓഹരികളുടെ വില്‍പ്പന ചെറുതായിരിക്കുമെന്നും മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഐപിഒയ്ക്കായി നാല് ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെഎം ഫിനാന്‍ഷ്യല്‍, എച്ച്എസ്ബിസി സെക്യൂരിറ്റീസ്, ഡിഎഎം ക്യാപിറ്റല്‍, ഇക്വിറസ് ക്യാപിറ്റല്‍, ആംബിറ്റ് ക്യാപിറ്റല്‍ എന്നിവയായിരിക്കും ബാങ്കര്‍മാരായി ഉണ്ടാവുക. മീന ബിന്ദ്ര 1988 ലാണ് ബിബ അപ്പാരല്‍സ്‌ ്രൈപവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. നിലവില്‍ 120 നഗരങ്ങളില്‍ ഈ ബ്രാന്‍ഡിന് സാന്നിധ്യമുണ്ട്. അടുത്തിടെയാണ് അതിന്റെ 300ാമത്തെ സ്റ്റോര്‍ ജയ്പൂരില്‍ തുറന്നത്. 2014ല്‍ അഞ്ജു മോദിയുടെ അഞ്ജുമാന്‍ ബ്രാന്‍ഡ് ഡിസൈന്‍സ് എന്ന കമ്പനിയില്‍ നിന്ന് 26.66 ശതമാനം ഓഹരി ബിബിഎ വാങ്ങിയിരുന്നു.

Author

Related Articles