News

ജിഎസ്ടി റിട്ടേണ്‍ ലേറ്റ് ഫയലിംഗ് പിഴ 5000 ത്തില്‍ നിന്ന് 5,00 രൂപയാക്കി

ബിസിനസ് ലോകത്തിന് ആശ്വാസമേകി ജി എസ് ടി റിട്ടേണിന്റെ ലേറ്റ് ഫയലിംഗ് പിഴ 5000 രൂപയില്‍ ഇത് 5,00 രൂപയാക്കി കുറച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് (സിബിഐസി) ഉത്തരവായി. ജിഎസ്ടിആര്‍ -3 ബി റിട്ടേണ്‍ വൈകി സമര്‍പ്പിക്കുമ്പോള്‍ ഈടാക്കുന്ന തുകയാണ് ഇതോടെ കുറയുന്നത്.സെപ്റ്റംബര്‍ 30 നകം റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി 2017 ജൂലൈ മുതല്‍ 2020 ജൂലൈ വരെയുള്ള റിട്ടേണുകള്‍ക്ക് ഇത് ബാധകമാണ്.

നികുതി ബാധ്യതയില്ലെങ്കില്‍ ലേറ്റ് ഫീസ് ഉണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും സിബിഐസിയും നേരത്തെ അറിയിച്ചിരുന്നു. 2020 മെയ് മുതല്‍ ജൂലൈ വരെയുള്ള നികുതി കാലയളവില്‍ ഈടാക്കിയ ലേറ്റ് ഫീസില്‍ കൂടുതല്‍ ആശ്വാസം ആവശ്യപ്പെടുന്ന വിവിധ നിവേദനങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം എന്ന് സിബിഐസി പറഞ്ഞു.

ഇതിനിടെ, കോവിഡ് കാലത്തെ പ്രതിസന്ധി കടന്ന് കേരളത്തിലെ നികുതി പിരിവില്‍ കാര്യമായ മുന്നേറ്റമുണ്ടാകുന്നതായുള്ള കണക്ക് പുറത്തുവന്നു. നികുതി പിരിവ് കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ഏറ്റവും പുതിയ ജി.എസ്.ടി കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തെ സംസ്ഥാന ജി.എസ്.ടി 740 കോടിയും അന്തര്‍സംസ്ഥാന ജി.എസ്.ടി 520 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതു രണ്ടും കൂടെ 1720 കോടി രൂപയായിരുന്നു.മാര്‍ച്ച് 25 മുതലാണ് ലോക്ഡൗണ്‍ തുടങ്ങിയതെങ്കിലും ഏപ്രില്‍ ആദ്യം ലഭിച്ച മാര്‍ച്ചിലെ നികുതി പിരിവ്  വളരെ കുറവായിരുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ വീണ്ടും കുത്തനെ താഴ്ന്നു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കാവുന്നതിന്റെ ലക്ഷണമാണ് പുതിയ കണക്കുകള്‍.

Author

Related Articles