News

ടെലികോം രംഗത്ത് 100 ശതമാനം വിദേശനിക്ഷേപം; ബിഎസ്എന്‍എലിന് അവഗണന

കൊച്ചി: ടെലികോം രംഗത്ത് സമഗ്രപരിഷ്‌കരണം വരുമ്പോഴും പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എലിന്റെ സ്ഥാനം പടിക്കുപുറത്ത്. ടെലികോം രംഗത്ത് നിലവില്‍ 49 ശതമാനമായിരുന്ന വിദേശനിക്ഷേപം നൂറിലേക്കുയര്‍ത്തുമ്പോഴും വിദേശ ഉപകരണങ്ങള്‍ വാങ്ങാന്‍ ബിഎസ്എന്‍എലിനുള്ള വിലക്ക് മാറ്റിയില്ല. ഇക്കാരണത്താല്‍ 4 ജി സേവനം നല്‍കാനുള്ള വഴിയാണ് നീളുന്നത്.

ദേശസുരക്ഷയെന്ന പേരിലാണ് വിദേശകമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ച് 4ജി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അക്കാര്യത്തിലും കാര്യമായ മുന്നേറ്റം ഉണ്ടായില്ല. ബിഎസ്എന്‍എലിന്റെ പുനരുദ്ധാരണപാക്കേജില്‍ 4ജി സ്‌പെക്ട്രം അനുവദിച്ചെങ്കിലും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. രാജ്യത്തെ അരലക്ഷം ടവറുകളില്‍ 4ജി സേവനം എത്തിക്കാനുള്ള ടെന്‍ഡര്‍ റദ്ദായതോടെയാണ് അനിശ്ചിതത്വമുണ്ടായത്.

ഇന്ത്യ-ചൈന സംഘര്‍ഷമാണ് ടെന്‍ഡര്‍ റദ്ദാവുന്നതിലേക്ക് നയിച്ചത്. ടെന്‍ഡറില്‍ ചൈന കമ്പനികള്‍കൂടിയുള്ളതാണ് റദ്ദാക്കാന്‍ കാരണം. എന്നാല്‍, നിലവിലെ 3ജി ടവറുകളില്‍ ഒരു ചിപ് കാര്‍ഡ് അധികമായി ഘടിപ്പിച്ച് 4ജി ആക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തണമെന്ന ആശയം ഉരുത്തിരിഞ്ഞുവന്നിരുന്നു. ടവറുകളില്‍ കൂടുതലും ചൈന കമ്പനികള്‍ ആയതിനാല്‍ അതിനും വിലക്കുവന്നു. ഫലത്തില്‍ വിദേശകമ്പനികളുടെ സേവനം ഉപയോഗപ്പെടുത്താനും കഴിയില്ല, തദ്ദേശീയ സാങ്കേതികവിദ്യ ഉരുത്തിരിഞ്ഞതുമില്ല.

Author

Related Articles