News

ബിഗ്ബാസ്‌കറ്റിലെ 2 കോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു; വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ 40,000 ഡോളര്‍ നിരക്കില്‍ വില്‍പ്പനയ്ക്ക്

ഓണ്‍ലൈന്‍ പലചരക്ക് വില്പന പ്ലാറ്റ്ഫോമായ ബിഗ്ബാസ്‌കറ്റിലെ രണ്ടുകോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സിയായ സൈബിള്‍ ഇങ്കാണ് വിവരം പുറത്തുവിട്ടത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ 40,000 ഡോളറിലേറെ വിലയ്ക്കാണ് ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 15 ജിബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാര്‍ക്ക് വെബിലുള്ളത്. ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ലഭ്യമാണ്.

ഡാറ്റ ചോര്‍ച്ചയുണ്ടായവരുടെ പേരുവിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ സുരക്ഷിതമാണെന്നും പറയുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌കറ്റ് സിറ്റി പോലീസിന്റെ സൈബര്‍ സെല്ലില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ക്രഡിറ്റ് കാര്‍ഡ് പോലുള്ളവയുടെ വിശദാംശങ്ങള്‍ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു.

Author

Related Articles