News

ബിറ്റ്കോയിന്‍ കുതിപ്പിന് വിരാമം; 5 ശതമാനത്തിലേറെ നഷ്ടത്തില്‍

ബിറ്റ്കോയിന്റെ വന്‍ കുതിപ്പിന് വിരാമം. കഴിഞ്ഞദിവസങ്ങളില്‍ ചരിത്രത്തില്‍ ആദ്യമായി 40,000 ഡോളര്‍ വിലനിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന്‍ വെള്ളിയാഴ്ച്ച 5 ശതമാനത്തിലേറെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍. കഴിഞ്ഞ സെഷനില്‍ ബിറ്റ്കോയിന്‍ ഒന്നിന് 40,402.46 ഡോളര്‍ (ഏകദേശം 29.62 ലക്ഷം രൂപ) വരെ വില ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച 'ബിറ്റ്സ്റ്റാംപ്' വിപണിയില്‍ 36,618.36 (26.84 ലക്ഷം രൂപ) ഡോളറിലേക്ക് ബിറ്റ്കോയിന്‍ കാലിടറി.

വീഴ്ച്ച സംഭവിച്ചിരിക്കുന്നത് ബിറ്റ്കോയിന് മാത്രമല്ല. ബിറ്റ്കോയിന്റെ പ്രധാന എതിരാളിയായ എതിറിയം ക്രിപ്റ്റോകറന്‍സിയും 10 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. ഒരു എതിറിയം യൂണിറ്റിന് 1,064.89 ഡോളറാണ് (78,071.88 രൂപ) ഇപ്പോഴത്തെ വില. പോയവര്‍ഷം മാര്‍ച്ചിന് ശേഷമാണ് ബിറ്റ്കോയിന്‍ സാമ്പത്തികമായി വന്‍മുന്നേറ്റം നടത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം മാത്രം 700 ശതമാനത്തിലേറെ ബിറ്റ്കോയിന് മൂല്യം കൂടി. ഡിസംബര്‍ 16 -നാണ് 20,000 ഡോളറെന്ന നാഴികക്കല്ല് ബിറ്റ്കോയിന്‍ പിന്നിട്ടത്. തുടര്‍ന്ന് ജനുവരി 2 -ന് ചരിത്രത്തില്‍ ആദ്യമായി 30,000 ഡോളര്‍ വിലനിലവാരവും ബിറ്റ്കോയിന്‍ തൊട്ടു. വ്യാഴാഴ്ച്ച 40,000 ഡോളര്‍ നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ ബിറ്റ്കോയിനില്‍ വിപണി വിദഗ്ധര്‍ 'കറക്ഷന്‍' മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും വന്‍തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ബിറ്റ്കോയിന്‍ അപ്രതീക്ഷിതമായി വളര്‍ച്ച കൈവരിച്ചത്. അതിവേഗം നിക്ഷേപം ഇരട്ടിയാക്കാമെന്ന മോഹവുമായി ഇപ്പോള്‍ ചില്ലറ നിക്ഷേപകരും ബിറ്റ്കോയിനിലേക്ക് വ്യാപകമായി തിരിയുന്നുണ്ട്. വരുംഭാവിയില്‍ പ്രധാന പണമടയ്ക്കല്‍ മാര്‍ഗമായി ബിറ്റ്കോയിന്‍ മാറുമെന്ന് നിക്ഷേപകര്‍ കരുതുന്നു. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വലിയ രാജ്യങ്ങള്‍ ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കെല്ലാം ബിറ്റ്കോയിനില്‍ നിക്ഷേപമുണ്ടെന്നാണ് സൂചന.

രാജ്യത്ത് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഈ പശ്ചാത്തലത്തില്‍ ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്ക് 18 ശതമാനം ചരക്ക് സേവന നികുതി ഈടാക്കാന്‍ കേന്ദ്രത്തിന് ആലോചനയുണ്ട്. ഇതുവഴി 7,200 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയും.

നിലവില്‍ സ്വര്‍ണത്തെയാണ് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കരുതുന്നത്. എന്നാല്‍ വൈകാതെ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനും ഈ ഗണത്തിലേക്ക് ഉയരുമെന്നാണ് പ്രശസ്ത ബഹുരാഷ്ട്ര സാമ്പത്തികകാര്യ സ്ഥാപനമായ ജെപിമോര്‍ഗന്‍ വിലയിരുത്തുന്നത്. സുരക്ഷിത നിക്ഷേപമായി മാറിക്കഴിഞ്ഞാല്‍ ബിറ്റ്കോയിന് 1.46 ലക്ഷം ഡോളര്‍ വരെ വിലനിലവാരം ഉയരാമെന്ന് ഇവര്‍ പറയുന്നു. പോയവര്‍ഷം സ്വര്‍ണ, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ നിക്ഷേപമാര്‍ഗ്ഗമായി തിരഞ്ഞെടുത്തത് ബിറ്റ്കോയിനെയാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

Author

Related Articles