News

ബിറ്റ്കോയിന്‍ പുതിയ ഉയരങ്ങളിലേക്ക്; ഒരു ബിറ്റ്കോയിന് 55,000 ഡോളര്‍

ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് വലിയ തിരിച്ചടി നേരിട്ടെങ്കിലും ഇപ്പോള്‍ മൂല്യത്തില്‍ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബിറ്റ്കോയിന്റെ വില 55,000 ഡോളര്‍ മാര്‍ക്ക് ആണ് ഇപ്പോള്‍ ഭേദിക്കപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിലെ വലിയ മൂല്യവര്‍ദ്ധയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറന്‍സിയും വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ഒരു ബിറ്റ്കോയിന് 55,051.36 ഡോളര്‍ എന്ന നിലയില്‍ ആയിരുന്നു വ്യാപാരം തുടങ്ങിയത്. കോയിന്‍ഗ്രെക്കോ വിവരങ്ങള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്കോയിന്റെ മൂല്യം 53,337.05 ഡോളര്‍ മുതല്‍ 55,748.97 ഡോളര്‍ വരെയാണ്. 56,000 ഡോളറിലേക്ക് ഇനി അധികദൂരമില്ലെന്ന് അര്‍ത്ഥം. അതായത് നാല്‍പത് ലക്ഷം രൂപയ്ക്ക് മുകളില്‍ ആണ്. ഒരു ബിറ്റ്കോയിന്റെ മാത്രം വിലയാണിത് എന്ന് കൂടി ഓര്‍ക്കണം.

ബിറ്റ്കോയിന്‍ മാത്രമല്ല ലോകത്ത് ക്രിപ്റ്റോകറന്‍സി ആയിട്ടുള്ളത്. ബിറ്റ്കോയിന് ശേഷം ഏറ്റവും മൂല്യമുള്ള ക്രിപ്റ്റോകറന്‍സിയാണ് എഥേറിയം. ലൈറ്റ് കോയിന്‍, കാര്‍ഡാനോ, പോള്‍കാഡോട്ട്, ബിറ്റ്കോയിന്‍ ക്യാഷ്, സ്റ്റെല്ലര്‍ തുടങ്ങി ക്രിപ്റ്റോകറന്‍സികള്‍ വേറേയും ഉണ്ട്. ബിറ്റ്കോയിന് മാത്രമല്ല ഇപ്പോള്‍ മൂല്യത്തില്‍ വലിയ കുതിപ്പുണ്ടായിരിക്കുന്നത്. എഥേറിയവും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു എഥേറിയത്തിന്റെ മൂല്യം 1,800 ഡോളര്‍ കവിഞ്ഞു. അമേരിക്കയിലെ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപനം ആണ് എഥേറിയത്തിന് തുണയായത്. 1,883.85 ഡോളര്‍ വരെ മൂല്യം എത്തി.

ബിറ്റ്കോയിന്‍ പോലെയുള്ള ക്രിപ്റ്റോകറന്‍സികള്‍ സുരക്ഷിതമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരെല്ലാം പറയുന്നത്. എന്നാല്‍ ബിറ്റ്കോയിന്റെ ഇപ്പോഴത്തെ നില ഏറെ കുറെ സുരക്ഷിതാണെന്ന വിലയിരുത്തലില്‍ ആണ് ഈ മേഖലയില്‍ ഉള്ളവര്‍. ഇക്കണ്ടതൊന്നും അല്ല ബിറ്റ്കോയിന്റേയും എഥേറിയത്തിന്റേയും ഏറ്റവും ഉയര്‍ന്ന മൂല്യം. ബിറ്റ്കോയിന്‍ മൂല്യം ഒന്നിന് 58,640.77 ഡോളര്‍ വരെ എത്തിയിരുന്നു. എഥേറിയം 2,042.93 ഡോളര്‍ വരേയും. ഈ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അമേരിക്കന്‍ ഉത്തേജക പാക്കേജ് ആണ് ക്രിപ്റ്റോകറന്‍സികള്‍ക്കും ഊര്‍ജ്ജം നല്‍കിയിട്ടുള്ളത്. ഈ നിലയ്ക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് എങ്കില്‍, 2021 ന്റെ അവസാനത്തോടെ ബിറ്റ്കോയിന്റെ മൂല്യം ഒന്നര ലക്ഷം ഡോളര്‍ മുതല്‍ രണ്ട് ലക്ഷം ഡോളര്‍ വരെ ആയേക്കാം എന്നും വിലയിരുത്തുന്നവരുണ്ട്.

Author

Related Articles